Fincat

സുഹൃത്തിന്‍റെ സഹോദരിയെ കുത്തിക്കൊലപ്പെടുത്തി 14കാരൻ

കുക്കട്ട്പള്ളിൽ 14 വയസുകാരൻ 10 വയസ്സുകാരിയെ കുത്തിക്കൊന്നു. അയൽവാസിയുടെ വീട്ടിൽ നിന്നും ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കൊലപാതകം. ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ പെൺകുട്ടിയുടെ വീട്ടിലെത്തിയ 14 കാരൻ 21 തവണ കുത്തിയെന്ന് പൊലീസ് പറയുന്നു.

ആഗസ്റ്റ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറാം ക്ലാസുകാരിയായ സഹസ്രയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് കുറ്റകൃത്യം നടന്നത്. രക്ഷിതാക്കൾ ജോലിക്ക് പോകുകയും പെൺകുട്ടിയുടെ സഹോദരൻ സ്‌ക്കൂളിലും പോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പിതാവാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് സൈബരാബാദ് പൊലീസ് കുറ്റവാളിയെ കണ്ടെത്തിയത്. അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളേയും പൊലീസ് നിയോഗിച്ചിരുന്നു.

പ്രതിയായ ആൺകുട്ടി സഹസ്രയുടെ സഹോദരനൊപ്പം ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. സംഭവം നടക്കുന്നതിന് തൊട്ടു മുൻപുള്ള ദിവസവും ഇരുവരും ക്രിക്കറ്റ് കളിച്ചിരുന്നു. പിന്നാലെയാണ് സഹസ്രയുടെ സഹോദരന്റെ ബാറ്റ് മോഷ്ടിക്കാൻ ആൺകുട്ടി വീട്ടിലെത്തിയത്. വീട്ടിൽ ആൺകുട്ടിയെ കണ്ടതും ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പിന്നീട് കൊലപാതകം നടന്നിരിക്കാമെന്നുമാണ് പൊലീസ് കരുതുന്നത്. എന്നാൽ ബാറ്റ് മോഷ്ടിക്കാനെത്തിയ കുട്ടി കത്തി എന്തിന് കയ്യിൽ കരുതി എന്നതിൽ വ്യക്തതയില്ല. ആൺകുട്ടിയുടെ പുസ്തകത്തിൽനിന്നും കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം. കുട്ടിയുടെ കഴുത്തിൽ മാത്രം 10 കുത്താണ് ഏറ്റതെന്നും ശരീരത്തിൽ ആകെ 21 കുത്തേറ്റതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.