വാഹന ഉടമകളുടെയും ലൈസൻസ് ഉടമകളുടേയും ശ്രദ്ധക്ക്
വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലും (ആർ.സി) ലൈസൻസിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ചേർക്കണമെന്ന സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പേരിലുള്ള ഈ സന്ദേശം പല ഉപഭോക്താക്കൾക്കുംമെസേജ് വഴി ലഭിച്ചു. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ പേരില്‍ ഫോണിലേക്കുവരുന്ന മെസേജുകള്‍ തട്ടിപ്പാണെന്നാണ് ചിലരെങ്കിലും സംശയിക്കുന്നത്. എന്നാൽ ഇത് സംശയിക്കേണ്ടതില്ലെന്നും തട്ടിപ്പല്ലെന്നും കേരള മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
വാഹന ഉടമകളുടെയും ലൈസന്‍സുള്ളവരുടെയും ഫോണിലേക്കാണ് ആധാറുമായി ലിങ്ക്‌ചെയ്ത മെബൈല്‍ നമ്പര്‍ ചേര്‍ക്കാനായി സന്ദേശമെത്തുന്നത്. ‘പരിവാഹൻ’ പോർട്ടലിൽ parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ ഉപഭോക്താക്കൾക്ക് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും പുതിയ നമ്പർ ചേർക്കാനും സാധിക്കുകയുള്ളൂ. പരിവാഹൻ വഴി നമ്പർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കാത്തവർക്ക് അക്ഷയ, ഇ-സേവാ കേന്ദ്രങ്ങൾ വഴി ഇത് ചെയ്യാമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അതിനാൽ, ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രം വിവരങ്ങൾ കൈമാറാൻ ശ്രദ്ധിക്കുക.