വീണ്ടും നാശംവിതച്ച് മേഘവിസ്‌ഫോടനം, ഉത്തരാഖണ്ഡില്‍ ഒരു മരണം; തിങ്കളാഴ്ചവരെ കനത്ത മഴ
ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നല്‍പ്രളയത്തിലും ഒരു മരണം. വെള്ളിയാഴ്ച രാത്രിയോടെ തരാലിയിലാണ് മേഘവിസ്ഫോടനമുണ്ടായത്.ശനിയാഴ്ച വൈകിയും പ്രദേശത്ത് കനത്ത മഴ തുടരുകയാണെന്നാണ് വിവരം. മിന്നല്‍പ്രളയം നിരവധി വീടുകളിലും കെട്ടിടങ്ങളിലും നാശംവിതച്ചു. സംഭവത്തെ തുടർന്ന് രണ്ട് പേരെ കാണാതായതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
നിരവധി വാഹനങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയാണ്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ (എസ്ഡിഎം) ഔദ്യോഗികവസതിയിലും മേഘവിസ്ഫോടനം നാശം വിതച്ചു. തരാലി മാർക്കറ്റ് അവശിഷ്ടങ്ങളാല്‍ മൂടപ്പെട്ട് കിടക്കുകയാണ്. കനത്ത മഴ നിരവധി റോഡുകളിലെ ഗതാഗതത്തെയും തടസ്സപ്പെടുത്തി.
തരാലി-ഗ്വാല്‍ദം, തരാലി-സാഗ്വാര റോഡുകള്‍ ഗതാഗത യോഗ്യമല്ലാത്തതിനാല്‍ അടച്ചിട്ടു. ദുരിതബാധിത പ്രദേശങ്ങളിലുള്ളവരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസ ക്യാംപുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കനത്ത മഴയില്‍ മിക്ക സ്കൂളുകളും അടഞ്ഞുതന്നെകിടന്നു.
സാഗ്വാര ഗ്രാമത്തില്‍ കനത്തമഴയെത്തുടർന്ന് 20-കാരിയായ യുവതി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. പോലീസ്, എസ്ഡിആർഎഫ്, എൻഡിആർഎഫ് എന്നിവരെ പ്രദേശത്തെ രക്ഷാപ്രവർത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം, ഉത്തരാഖണ്ഡില്‍ തിങ്കളാഴ്ച വരെ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈമാസം ആദ്യം ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തെ തുടർന്ന് കനത്ത നാശനഷ്ടങ്ങളുണ്ടായിരുന്നു.