ദേശി സ്റ്റെല്‍ത്ത് ഫൈറ്ററുമായി ഇന്ത്യ; 5-ാംതലമുറ യുദ്ധവിമാന എഞ്ചിന്റെ നിര്‍മാണം ഫ്രഞ്ച് കമ്ബനിക്കൊപ്പം
ന്യൂഡല്‍ഹി: തദ്ദേശീയമായി നിർമ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംപാറ്റ് എയർക്രാഫ്റ്റ്(എഎംസിഎ) എഞ്ചിനുകള്‍ വികസിപ്പിക്കുന്നതിനായി ഫ്രഞ്ച് വ്യവസായ ഭീമനായ സഫ്രാനുമായി സഹകരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.ഇന്ത്യയുടെ ഭാവി യുദ്ധവിമാന വികസനത്തില്‍ സുപ്രധാനമായ മുന്നേറ്റമാണിത്.
‘അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ നിർമ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്തിന്റെ എഞ്ചിൻ ഇന്ത്യയില്‍ നിർമ്മിക്കുന്നതിനാണ് മുൻഗണന. ഫ്രഞ്ച് കമ്ബനിയായ സഫ്രാനുമായി ചേർന്ന് ഇന്ത്യയില്‍ എഞ്ചിൻ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കാൻ പോവുകയാണ്.’ രാജ്നാഥ് സിങ് പറഞ്ഞു.
അമേരിക്കയുമായുള്ള അധികത്തീരുവ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍, യുഎസ്സിന്റെ ജനറല്‍ ഇലക്‌ട്രിക്, യുകെയുടെ റോള്‍സ് റോയ്സ് എന്നിവയെ പിന്തള്ളിയാണ് സഫ്രാനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം സർക്കാർ എടുത്തത് എന്നത് ശ്രദ്ധേയമായി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനുമായി (ഡിആർഡിഒ) ചേർന്നാണ് സഫ്രാൻ എഞ്ചിൻ നിർമ്മാണ പ്രവർത്തനം ഏകോപിപ്പിക്കുക.
വ്യാവസായിക പങ്കാളിത്തത്തോടെ ഈ പരിപാടി നടപ്പാക്കുന്നതിനുള്ള പ്രധാന സ്ഥാപനമായി ബെംഗളൂരു ആസ്ഥാനമായുള്ള എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജൻസിയെ തിരഞ്ഞെടുത്തു. അഞ്ച് പ്രോട്ടോടൈപ്പുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റി 15,000 കോടി രൂപ അനുവദിച്ച് ഒരു വർഷത്തിലേറെ കഴിഞ്ഞാണ് കേന്ദ്ര സർക്കാരിന്റെ അനുമതി വരുന്നത്.
വ്യോമസേന നിലവില്‍ ഉപയോഗിക്കുന്ന റഫാല്‍ യുദ്ധവിമാനങ്ങളിലെ എം88 എഞ്ചിനുകള്‍ക്കായി ഹൈദരാബാദില്‍ ഒരു പുതിയ എംആർഒ (അറ്റകുറ്റപ്പണി, റിപ്പയർ, ഓവർഹോള്‍) സൗകര്യം നിർമ്മിക്കുന്ന പ്രക്രിയയിലാണ് സഫ്രാൻ. മറ്റ് രാജ്യങ്ങളില്‍നിന്നുള്ള എഞ്ചിനുകള്‍ക്കും സേവനം നല്‍കുന്നതായിരിക്കും ഹൈദരാബാദിലെ ഈ കേന്ദ്രം.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ശക്തമായി തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ കഴിവിനെക്കുറിച്ച് പാകിസ്താൻ കരസേന മേധാവി ഫീല്‍ഡ് മാർഷല്‍ അസിം മുനീറിന് യാതൊരു വ്യാമോഹവും വേണ്ടെന്ന് രാജ്നാഥ് സിങ് കോണ്‍ക്ലേവില്‍ പറഞ്ഞു.
പാകിസ്ഥാന്റെ സമ്ബദ്വ്യവസ്ഥയെ ട്രക്കിനോടും ഇന്ത്യയുടേതിനെ മെഴ്സിഡസിനോടും ഉപമിച്ച മുനീറിന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കവെ, കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളിലെ പാകിസ്താന്റെ പരാജയത്തിന്റെ കുറ്റസമ്മതമാണ് അതെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
‘രണ്ട് രാജ്യങ്ങള്‍ക്ക് ഒരുമിച്ച് സ്വാതന്ത്ര്യം ലഭിക്കുകയും, അതില്‍ ഒന്ന് കഠിനാധ്വാനം, ശരിയായ നയങ്ങള്‍, കാഴ്ചപ്പാട് എന്നിവയിലൂടെ ഒരു സ്പോർട്സ് കാർ പോലുള്ള സമ്ബദ്വ്യവസ്ഥ കെട്ടിപ്പടുക്കുമ്ബോള്‍ മറ്റൊന്ന് പരാജയത്തില്‍ കുടുങ്ങിക്കിടക്കുകയാണെങ്കില്‍, അത് അവരുടെ സ്വന്തം പ്രവൃത്തിയാണ്. ഇത് തമാശയല്ല, കുറ്റസമ്മതമാണ്.’ അദ്ദേഹം പറഞ്ഞു.
ഫ്രാൻസിന്റെ തന്നെ ദസ്സോ ഏവിയേഷനില്‍നിന്ന് 26 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങുന്നതിനായി ഇന്ത്യ ഏപ്രിലില്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതിനകം സ്വന്തമാക്കിയ 36 റഫാല്‍ യുദ്ധവിമാനങ്ങളോടൊപ്പം ഇവയും വ്യോമസേനയ്ക്ക് കരുത്താവും.