മുഖ്യമന്ത്രിയെ വിളിച്ചത് ‘എടോ വിജയാ’ എന്ന്, എത്രപറന്നാലും സമ്മാനംവാങ്ങാൻ താഴെവരേണ്ടിവരും- ശിവൻകുട്ടി
തിരുവനന്തപുരം: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഉയർന്നുവന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കുന്നതുവരെ രാഹുല്‍ കുറ്റവാളിയാണ്. കുട്ടികള്‍ക്കു മുന്നില്‍ ഇത്തരത്തില്‍ ഒരാള്‍ വരുന്നത് ആർക്കും താത്പര്യമുണ്ടാകില്ല. അതിനാല്‍ രാഹുല്‍ സ്വയം സ്കൂള്‍ ശാസ്ത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍നിന്ന് ഒഴിവാകുന്നതാണ് നല്ലതെന്നും ശിവൻകുട്ടി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ചിരുന്നുവെന്നും എന്നാല്‍ എംഎല്‍എയെ ഫോണില്‍ കിട്ടുന്നില്ലെന്നും പറഞ്ഞ മന്ത്രി, രാഹുല്‍ ഒളിവിലാണെന്നും കൂട്ടിച്ചേർത്തു.
”മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല. അദ്ദേഹം ഒളിവിലാണ്. ഇരകള്‍ പറയുന്ന കാര്യങ്ങള്‍ അസത്യമാണെങ്കില്‍ എന്തുകൊണ്ട് രാഹുല്‍ മാങ്കൂട്ടം പോലീസില്‍ പരാതിപ്പെടുന്നില്ല. ഇരകള്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെങ്കില്‍ അന്തസ്സോടുകൂടി പോലീസില്‍ പരാതിപ്പെടണം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കണം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആരോപണം നടത്തിയവർക്കെതിരേ നോട്ടീസ് അയക്കാൻ തയ്യാറാകണം. ഇതൊന്നും അദ്ദേഹം ചെയ്യുന്നില്ലല്ലോ. യാതൊരു ഉളുപ്പുമില്ലാതെ നടക്കുകയല്ലേ”, ശിവൻകുട്ടി പറഞ്ഞു.
”ഏതോ ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയാ, ‘എടോ വിജയാ’ എന്ന്. വിളിച്ചത് ആരെയാണെന്ന് അറിയുമോ, പിണറായി വിജയനെ. ഇത്തരം അഹങ്കാരവും ധിക്കാരവും കാണിച്ച് കാര്യങ്ങള്‍ ചെയ്താല്‍ എത്ര ആകാശത്തേക്ക് പറന്നുപോയാലും തറയില്‍വന്ന് സമ്മാനം വാങ്ങേണ്ടിവരുമെന്നുള്ള കാര്യം ഇപ്പോള്‍ മനസിലായല്ലോ”, അദ്ദേഹം കൂട്ടിച്ചേർത്തു.
എഐസിസി നേതൃത്വവും കെപിസിസി നേതൃത്വവും എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയധികം വെറുപ്പിന്റെ ഉടമയായ ഒരു വ്യക്തിയെ സംരക്ഷിക്കാൻ രംഗത്തുവന്നിട്ടുള്ളതെന്നും ശിവൻകുട്ടി ചോദിച്ചു.