Fincat

അമേരിക്കയിൽ ദാരുണ അപകടം: ഇന്ത്യാക്കാർ ഉൾപ്പടെ 54 പേർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു

ന്യൂയോർക്ക്: നയാഗ്ര വെള്ളച്ചാട്ടം കണ്ട് ന്യൂയോർക്കിലേക്ക് മടങ്ങിയ ഇന്ത്യാക്കാരടക്കം യാത്ര ചെയ്ത ബസ് അപകടത്തിൽപെട്ടു. 54 പേരുണ്ടായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് അഞ്ച് പേർ മരിച്ചു. ന്യൂയോർക്കിലെ പെംബ്രോക്കിലാണ് അപകടമുണ്ടായത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മരിച്ചവരെല്ലാം മുതിർന്നവരാണെന്നും അപകടത്തിൽ കുടുങ്ങിക്കിടന്നവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു.

പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായും പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ബസിലെ യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു മറ്റുള്ളവർ. ബസിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്നും ഡ്രൈവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

ന്യൂയോർക്ക് സിറ്റിയിലെ സ്റ്റാറ്റൻ ഐലൻഡിലുള്ള എം ആൻഡ് വൈ ടൂർ ഇൻ‌കോർപ്പറേറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ബസിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് തോന്നുന്നതെന്ന് അപകടത്തിൽ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രൂപ്പർ ജെയിംസ് ഒ’കല്ലഗൻ പ്രതികരിച്ചു. 2023 ൽ ന്യൂയോർക്കിലുണ്ടായ ബസ് അപകടത്തിന് ശേഷം ചാർട്ടർ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരുന്നു.