Fincat

കാര്‍ കഫെയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ക്ക് പരിക്ക്; നിര്‍ത്താതെ പോയെങ്കിലും ടയര്‍ ചതിച്ചു, ഇറങ്ങിയോടി


കോഴിക്കോട്: കുറ്റ്യാടി ടൗണില്‍ മരുതോങ്കരറോഡില്‍ പാലത്തിന് സമീപം കാർ കഫെ വരാന്തയിലേക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്ക്.വയനാട് തരുവണ സ്വദേശി നൂറുദ്ദീനും(37) കഫെയിലെ ജീവനക്കാരനായ യുവാവിനുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നൂറുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

കുറ്റ്യാടി ടൗണിലെ മലഞ്ചരക്ക് കടയിലെ തൊഴിലാളിയായ നൂറുദ്ദീൻ രാത്രി ഭക്ഷണം കഴിച്ച്‌ താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് കാറിടിച്ചത്. റോഡരികില്‍ നിർത്തിയിട്ട രണ്ട് ബൈക്കുകളിലും കാർ ഇടിച്ചു. തുടർന്ന് കഫെയിലേക്കും കാർ പാഞ്ഞുകയറി. റോഡരികില്‍നിന്ന പലരും കാറിന്റെ വരവ് കണ്ട് ഓടിമാറുകയായിരുന്നു. തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു.

അതേസമയം, അപകടമുണ്ടായിട്ടും കാർ നിർത്താതെ പോയി. തുടർന്ന് ടയർ കേടായി പാലത്തിനപ്പുറം കാർ നിന്നുപോവുകയായിരുന്നു. ഇതോടെ കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടിയെന്നാണ് വിവരം. സംഭവത്തില്‍ കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചു.