ഗ്രീൻഫീല്‍ഡില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പൂരം; 16 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ഇന്ത്യൻ താരം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസണ്‍. ഏരീസ് കൊല്ലം സെയ്ലേഴ്സിനെതിരേ അതിവേഗ അർധസെഞ്ചുറി തികച്ച് സഞ്ജു കത്തിക്കയറി.16 പന്തിലാണ് സഞ്ജുവിന്റെ അർധസെഞ്ചുറി. കൊല്ലം ഉയർത്തിയ 237 റണ്‍സെന്ന കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്സിനായാണ് ഇന്ത്യൻ താരത്തിന്റെ വെടിക്കെട്ട് പ്രകടനം.
ആദ്യ മത്സരങ്ങളില്‍ തിളങ്ങാനാവാതിരുന്ന സഞ്ജു ഇക്കുറി ഓപ്പണറായി ഇറങ്ങി വെടിക്കെട്ടിന് തിരികൊളുത്തി. ആദ്യ ഓവർ മുതല്‍ കൊല്ലം ബൗളർമാരെ സഞ്ജു തകർത്തടിച്ചു. പിന്നീട് പന്തെറിഞ്ഞവരെല്ലാം സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഗ്രീൻഫീല്‍ഡില്‍ പിന്നീട് ബൗണ്ടറുകള്‍ പറപറന്നു. 16 പന്തില്‍ സഞ്ജു അർധസെഞ്ചുറി തികച്ചതോടെ ടീം നാലോവറില്‍ 64 റണ്‍സെടുത്തു.
ആദ്യം ബാറ്റുചെയ്ത ഏരീസ് കൊല്ലം സെയ്ലേഴ്സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണെടുത്തത്. ഈ സീസണിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്. വിഷ്ണു വിനോദിന്റെയും നായകൻ സച്ചിൻ ബേബിയുടെയും അർധസെഞ്ചുറികളാണ് കൊല്ലത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. വിഷ്ണു 41 പന്തില്‍ നിന്ന് 94 റണ്‍സെടുത്തു. മൂന്ന് ഫോറുകളും 10 സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. സച്ചിൻ ബേബിയാകട്ടെ 44 പന്തില്‍ നിന്ന് ആറ് വീതം ഫോറുകളുടെയും സിക്സറുകളുടെയും അകമ്ബടിയോടെ 91 റണ്‍സെടുത്തു.
അഭിഷേക് നായർ(8), രാഹുല്‍ ശർമ(0), അഖില്‍ എം.എസ്.(11) എന്നിവർ നിരാശപ്പെടുത്തി. ഷറഫുദ്ദീനും(8) അമല്‍ എജിയും(12) പുറത്താവാതെ നിന്നു. കൊച്ചിക്ക് വേണ്ടി പി.എസ്.ജെറിൻ രണ്ട് വിക്കറ്റും സാലി സാംസണ്‍, കെ.എം ആസിഫ്, എം ആഷിഖ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.