Fincat

സാറ്റലൈറ്റ് വഴി വാട്ട്‌സ്‌ആപ്പ് ഓഡിയോ – വീഡിയോ കോള്‍; സുപ്രധാന ഫീച്ചറുമായി Pixel 10


സാറ്റലൈറ്റ് വഴി വാട്ട്സ്‌ആപ്പ് ഓഡിയോ – വീഡിയോ കോളുകള്‍ പിന്തുണയ്ക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോണാകാൻ ഗൂഗിള്‍ പിക്സല്‍ 10. ഫോണുകളുടെ ഷിപ്പിംഗ് ആരംഭിക്കുന്ന ഓഗസ്റ്റ് 28-ന് ഈ ഫീച്ചർ ലൈവാകും.എക്സ് വീഡിയോയിലൂടെ ഗൂഗിള്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
സ്റ്റാറ്റസ് ബാറില്‍ സാറ്റലൈറ്റ് ഐക്കണ്‍ പ്രത്യക്ഷപ്പെടുമ്ബോള്‍ ഒരു പിക്സല്‍ 10 ഫോണിലേക്ക് വാട്ട്സ്‌ആപ്പ് കോള്‍ വരുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇന്റർനെറ്റോ മൊബൈല്‍ നെറ്റ്വർക്കോ ഇല്ലാതെ ഉപയോക്താക്കള്‍ക്ക് കോളുകള്‍ ചെയ്യാൻ കഴിയും. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമല്ല ഈ സൗകര്യം ലഭിക്കുകയെന്നും ഡെമോ വ്യക്തമാക്കുന്നു. പിക്സല്‍ 10-ലെ സാറ്റലൈറ്റ് ഫീച്ചറുകള്‍ ഗൂഗിള്‍ അടുത്തിടെ വിപുലീകരിച്ചതിന്റെ തുടർച്ചയായാണ് ഈ അപ്ഡേറ്റ്. ഈ ആഴ്ച ആദ്യം, മാപ്സിലും ഫൈൻഡ് മൈ ഹബ്ബിലും സാറ്റലൈറ്റ് വഴിയുള്ള ലൈവ് ലൊക്കേഷൻ ഷെയറിംഗ് ചേർത്തിരുന്നു. കൂടാതെ അത്യാഹിത സാഹചര്യങ്ങള്‍ക്കായുള്ള സാറ്റലൈറ്റ് SOS-ഉം അവതരിപ്പിച്ചിരുന്നു.
വാട്ട്സ്‌ആപ്പ് കോളിങ്ങിലൂടെ ഗൂഗിള്‍ പിക്സല്‍ 10-നെ സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. പിക്സലിന് എതിരാളികളേക്കാള്‍ വ്യക്തമായ മുൻതൂക്കം നല്‍കുന്നതാണ് ഈ നീക്കം. ആപ്പിളിന്റെ ഐഫോണുകളില്‍ ഇപ്പോഴും സാറ്റലൈറ്റ് ഉപയോഗം SOS അലേർട്ടുകളില്‍ ഒതുക്കുകയാണ്. അതേസമയം സാംസങ്ങിന്റെ ഗാലക്സി S25 സ്നാപ്ഡ്രാഗണ്‍ സാറ്റലൈറ്റ് വഴി സന്ദേശമയയ്ക്കല്‍ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. സാറ്റലൈറ്റ് വഴിയുള്ള വാട്ട്സ്‌ആപ്പ് കോളിംഗ് ദൈനംദിന ഉപയോഗത്തിലേക്കുള്ള ഒരു കുതിച്ചുചാട്ടമാണ്. അതിനിടെ, തിരഞ്ഞെടുത്ത കാരിയറുകള്‍ മാത്രമേ വാട്ട്സ്‌ആപ്പ് സാറ്റലൈറ്റ് കോളിംഗിനെ പിന്തുണയ്ക്കൂ എന്നും അധിക ചാർജുകള്‍ വന്നേക്കാമെന്നും ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഭാവിയില്‍ വാട്ട്സ്‌ആപ്പ് സാറ്റലൈറ്റ് ഉപയോഗം ടെക്സ്റ്റ് സന്ദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ഓഗസ്റ്റ് 20-ന് നടന്ന ‘മെയ്ഡ് ബൈ ഗൂഗിള്‍’ ഇവന്റിലാണ് ഗൂഗിള്‍ തങ്ങളുടെ ഫ്ളാഗ്ഷിപ്പ് പിക്സല്‍ 10 സീരീസ് സ്മാർട്ട്ഫോണുകള്‍ പുറത്തിറക്കിയത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് സുപ്രധാന ഫീച്ചർ ടെക് ഭീമൻ പ്രഖ്യാപിച്ചിട്ടുള്ളത്. സെല്ലുലാർ നെറ്റ്വർക്കോ വൈ-ഫൈ കണക്റ്റിവിറ്റിയോ ഇല്ലാത്ത സ്ഥലങ്ങളില്‍ ഒരു സാറ്റലൈറ്റ് നെറ്റ്വർക്ക് വഴി ഈ ഫീച്ചർ പ്രവർത്തിക്കും എന്നതാണ് സവിശേഷത. ഒരു സാറ്റലൈറ്റ് നെറ്റ്വർക്ക് വഴി വാട്ട്സ്‌ആപ്പ് കോള്‍ വരുമ്ബോള്‍ സ്റ്റാറ്റസ് ബാറില്‍ ഒരു സാറ്റലൈറ്റ് ഐക്കണ്‍ ദൃശ്യമാകും. ഉപയോക്താക്കള്‍ക്ക് സാധാരണപോലെ വാട്ട്സ്‌ആപ്പ് വോയിസ് അല്ലെങ്കില്‍ വീഡിയോ കോള്‍ സ്വീകരിക്കാം, പക്ഷേ ഇത് സെല്ലുലാർ അല്ലെങ്കില്‍ വൈ-ഫൈക്ക് പകരം സാറ്റലൈറ്റ് നെറ്റ്വർക്ക് വഴിയായിരിക്കും കണക്റ്റ് ആകുന്നത്. ഇതോടെ സാറ്റലൈറ്റ് അധിഷ്ഠിത വാട്ട്സ്‌ആപ്പ് കോളുകള്‍ പിന്തുണയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോണായി പിക്സല്‍ 10 സീരീസ് മാറും. എന്നിരുന്നാലും, സാറ്റലൈറ്റ് വഴി ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാൻ വാട്ട്സ്‌ആപ്പ് അനുവദിക്കുമോ എന്നതിനെക്കുറിച്ച്‌ വിവരങ്ങളൊന്നുമില്ല. എന്നാല്‍ പിക്സല്‍ 10 ഉപയോക്താക്കള്‍ക്ക് സാറ്റലൈറ്റ് അധിഷ്ഠിത ഷെയറിംഗ് ഉപയോഗിച്ച്‌ ഫൈൻഡ് ഹബ് വഴിയോ ഗൂഗിള്‍ മാപ്സ് വഴിയോ അവരുടെ ലൊക്കേഷൻ പങ്കിടാൻ കഴിയും. നോണ്‍-ടെറസ്ട്രിയല്‍ നെറ്റ്വർക്ക് ദാതാവായ സ്കൈലോയുമായുള്ള ഗൂഗിളിന്റെ പങ്കാളിത്തത്തിന്റെ ഫലമായാണ് ഈ സൗകര്യം പ്രവർത്തിക്കുന്നത്.
പിക്സല്‍ വാച്ച്‌ 4 LTE-യിലും അത്യാഹിത സാഹചര്യങ്ങള്‍ക്കായുള്ള സാറ്റലൈറ്റ് കണക്റ്റിവിറ്റി ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്നാപ്ഡ്രാഗണ്‍ 5 ജെൻ 2-ല്‍ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് വാച്ചിന് സഹായം അഭ്യർഥിക്കാൻ ഒരു ജിയോസ്റ്റേഷനറി സാറ്റലൈറ്റ് നെറ്റ്വർക്കിലേക്ക് കണക്റ്റുചെയ്യാൻ കഴിയും. ഇതാദ്യമായാണ് ഒരു വെയറബിള്‍ ഡിവൈസിന് നേരിട്ട് സാറ്റലൈറ്റ് ആക്സസ് ലഭിക്കുന്നത്.