മഴക്കുഴിയെടുക്കുമ്ബോള്‍ തൊഴിലുറപ്പുകാര്‍ക്ക് കിട്ടിയത് നിധിശേഖരം; മൂല്യനിര്‍ണയം നീളുന്നു,കാത്തിരുന്ന് നാട്
ശ്രീകണ്ഠപുരം (കണ്ണൂർ): പരിപ്പായില്‍ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടിയ നിധിശേഖരത്തിന്റെ മൂല്യനിർണയം നടത്തിയില്ല.തളിപ്പറമ്ബ് സബ് ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്ന നിധിശേഖരം ഇതുവരെ പുരാവസ്തുവകുപ്പ് ഏറ്റെടുക്കാനും തയ്യാറായിട്ടില്ല. കഴിഞ്ഞവർഷം ജൂലായ് 11-ന് പരിപ്പായി ഗവ. യുപി സ്കൂളിന് സമീപത്തെ പുതിയപുരയില്‍ പി.പി.താജുദ്ദീന്റെ റബ്ബർത്തോട്ടത്തില്‍നിന്നാണ് നിധി ലഭിച്ചത്.
ചെമ്ബിലുള്ള ആമാടപ്പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പിന്നീട് പുരാവസ്തു ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി കാലഘട്ടവും മറ്റ് വിവരങ്ങളും കണ്ടെത്തിയിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ലഭിക്കുന്ന ഇത്തരം വസ്തുക്കളെക്കുറിച്ച് അറിയാൻ കൂടുതല്‍ പഠനം നടത്തേണ്ടി വരുമെന്നും നിധി എങ്ങനെ മണ്ണിനടിയിലെത്തിയെന്നതിന് സ്ഥലവുമായി ബന്ധപ്പെട്ട രേഖകള്‍ പഠിക്കണമെന്നും പറഞ്ഞിരുന്നു.
പുരാവസ്തുവകുപ്പിന് ഏറ്റെടുക്കാവുന്ന വസ്തുക്കളാണ് നിധിശേഖരത്തിലുള്ളതെന്ന് കണ്ടെത്തിയിട്ട വർഷം ഒന്നായിട്ടും തുടർനടപടികളുണ്ടായില്ല. ട്രഷർ ട്രോവ് ആക്‌ട് പ്രകാരം കണ്ടെത്തിയ സ്ഥലമുടമയ്ക്ക് പാരിതോഷികം നല്‍കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടായില്ല. പുരാവസ്തുവകുപ്പ് നിധിശേഖരത്തെപ്പറ്റിയുള്ള റിപ്പോർട്ട് കളക്ടർക്ക് കൈമാറിയിട്ടുണ്ട്.
നിധിശേഖരത്തില്‍…
1659 മുതല്‍ 1826 വരെയുള്ള കാലത്തേതാണ് നിധിശേഖരമെന്ന് പുരാവസ്തുവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വെനീഷ്യയിലെ മൂന്ന് ഭരണാധികാരികളുടെ (ഡ്യൂക്കുകള്‍) കാലത്തെ വെനീഷ്യൻ ഡക്കറ്റ് എന്ന സ്വർണനാണയങ്ങള്‍ ഉപയോഗിച്ചുള്ള 13 കാശുമാലകള്‍ (ഒരു കാശുമാലയ്ക്ക് അഞ്ചുഗ്രാം വരെ തൂക്കം), ഇവിടെ 1752 മുതല്‍ 1762 വരെ ഭരിച്ച ഫ്രാൻസിസ്കോ കോർഡാന്റെ പേരിലുള്ള നാല് നാണയങ്ങള്‍, സാമൂതിരിയുടെ വീരരായൻ പണം എന്നറിയപ്പെടുന്ന രണ്ട് വെള്ളിനാണയങ്ങള്‍, 1826-ലെ ആലിരാജയുടെ കാലത്തുള്ള കണ്ണൂർ പണം എന്നറിയപ്പെടുന്ന രണ്ട് വെള്ളി നാണയങ്ങള്‍, പുതുച്ചേരിയില്‍നിന്ന് ഫ്രഞ്ചുകാർ നിർമിച്ച ഇൻഡോ ഫ്രഞ്ച് നാണയങ്ങള്‍ (പുതുച്ചേരി നാണയങ്ങള്‍), രണ്ട് സ്വർണമുത്തുകളും ജിമിക്കികളും എന്നിവയാണ് ലഭിച്ചത്. ഈ നിധിശേഖരത്തിലെ ഏറ്റവും പുതിയവ 1826-ലെ ആലിരാജയുടെ കണ്ണൂർ പണമാണ്. ഇക്കാലത്തിനുശേഷമായിരിക്കും നിധിശേഖരം ഇവിടെ കുഴിച്ചിട്ടിട്ടുണ്ടാകുകയെന്നാണ് കരുതുന്നത്.