കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ രക്ഷപ്പെടുത്തി
തൃശ്ശൂർ: തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷപ്പെടുത്തി.പട്ടാമ്ബി സ്വദേശിയായ യുവാവ് നാല് ദിവസം മുമ്ബാണ് വീടുവിട്ടിറങ്ങിയത്. മാനസികാസ്വസ്ഥമുള്ള ആളാണ് യുവാവ് എന്നാണ് പ്രാഥമിക വിവരം. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 11:30 ഓടെയാണ് ആള്‍ത്താമസമുള്ള കെട്ടിടത്തിന്റെ മുകളില്‍ കയറി ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കിത്തുടങ്ങിയത്. കെട്ടിടത്തിന്റെ മുകളില്‍നിന്ന് ഓടുകളും ഗ്ലാസുകളും എടുത്ത് താഴേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാരും പോലീസും അനുനയശ്രമം നടത്തിയെങ്കിലും യുവാവ് വഴങ്ങിയില്ല.
ഫയർഫോഴ്സ് സംഘമെത്തി വലയിട്ട് പിടിക്കാനുള്ള ആദ്യ ശ്രമത്തില്‍ ഇയാള്‍ കുതറി മാറി. പിന്നീട് യുവാവിന്റെ ശ്രദ്ധതിരിച്ച് ഉച്ചയ്ക്ക് രണ്ടേകാലോടെ യുവാവിനെ ഫയർഫോഴ്സ് പിടികൂടി താഴെയിറക്കി. ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാം. നമ്ബർ: 1056, 0471-2552056)