ജനിച്ചത് പാകിസ്താനില്‍, 19 കൊല്ലത്തെ കാത്തിരിപ്പ്; ഒടുവില്‍ ക്രാസ്‌റ്റോയ്ക്ക് ഇന്ത്യൻ പൗരത്വം
പനജി: അങ്ങനെ ബ്രെൻഡൻ വാലന്റൈൻ ക്രാസ്റ്റോ എന്ന പാകിസ്താൻ സ്വദേശിയുടെ 19 കൊല്ലത്തെ കാത്തിരിപ്പ് അവസാനിച്ചു. ഇന്ത്യൻ പൗരത്വം അനുവദിച്ചുകൊണ്ടുള്ള സർട്ടിഫിക്ക തിങ്കളാഴ്ച ഗോവ മുഖ്യമന്ത്രി പ്രമോദ സാവന്തില്‍നിന്ന് ആ നാല്‍പത്തിനാലുകാരൻ ഏറ്റുവാങ്ങി.പൗരത്വ ഭേദഗതി നിയമമനുസരിച്ച് ഇന്ത്യൻ പൗരത്വം ലഭിക്കുന്ന ഗോവ സംസ്ഥാനത്തിലെ മൂന്നാമത്തെ വ്യക്തിയായി ക്രാസ്റ്റോ.
ഇന്ത്യൻ വനിതയെ വിവാഹം കഴിച്ചതോടെ അൻജുനയില്‍ താമസിച്ചുവരികയാണ് ക്രാസ്റ്റോ. ക്രാസ്റ്റോയ്ക്ക് ഗോവയില്‍ കുടുംബവേരുകളുണ്ട്. കുടുംബാംഗങ്ങളോടൊപ്പമെത്തിയാണ് ക്രാസ്റ്റോ സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. സെക്രട്ടേറിയറ്റിലായിരുന്നു പരിപാടി. ക്രാസ്റ്റോയില്‍നിന്ന് അപേക്ഷ ലഭിച്ചതിനെ തുടർന്നാണ് പൗരത്വം അനുവദിക്കാനുള്ള നടപടികള്‍ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ഇന്ത്യക്കാരിയായ മെറിലിൻ ഫെർണാണ്ടസിനെ 2014-ലാണ് ക്രാസ്റ്റോ വിവാഹം കഴിച്ചതെന്നും 2006 ഡിസംബർ രണ്ട് മുതല്‍ ക്രാസ്റ്റോ തുടർച്ചയായി ഇന്ത്യയില്‍ താമസിച്ചുവരികയാണെന്നും പ്രമോദ് സാവന്ത് പറഞ്ഞു. 1955-ലെ പൗരത്വ നിയമപ്രകാരവും 2019-ലെ പൗരത്വ ഭേദഗതി നയമപ്രകാരവുമുള്ള എല്ലാ വ്യവസ്ഥകളും ക്രാസ്റ്റോ പാലിക്കുന്നതായും അതിനാല്‍ പൗരത്വം അനുവദിക്കുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014 ഡിസംബർ 31-ന് മുൻപ് അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈൻ, ബുദ്ധമതം, പാഴ്സി, ക്രിസ്ത്യൻ എന്നീ മതവിഭാഗങ്ങളില്‍ പെടുന്നവർക്ക് ഇന്ത്യൻ പൗരത്വത്തിന് അവകാശമുണ്ടായിരിക്കുമെന്ന പൗരത്വ ഭേദഗതി നിയമം, 2019 വ്യവസ്ഥ അനുസരിച്ചാണ് ക്രാസ്റ്റോയ്ക്ക് ഇന്ത്യൻ പൗരത്വം അനുവദിച്ചിട്ടുള്ളത്.