ഗുരുവായൂരിലെ പൂജ; വിധികളിറക്കുന്ന ഹൈക്കോടതി ബെഞ്ചുകളില്‍ ഒരേ ജഡ്ജിയെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഗുരുവായൂരിലെ പൂജകള്‍ സംബന്ധിച്ച വിധികള്‍ പുറപ്പെടുവിക്കുന്നത് കേരള ഹൈക്കോടതിയിലെ ഒരേ ബെഞ്ചാണെന്ന് സുപ്രീംകോടതി.ഉദയാസ്തമയ പൂജ, ഇല്ലം നിറ പൂജ എന്നിവ സംബന്ധിച്ച വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചുകളില്‍ ഒരേ ജഡ്ജി ഉണ്ടായിരുന്ന കാര്യം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറ പൂജ കൊടിമരച്ചുവട്ടില്‍ നടത്താനുള്ള തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ ഹർജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു.
ഇല്ലം നിറ പൂജ കൊടിമരചുവട്ടില്‍ നടത്താനുള്ള തീരുമാനം ചോദ്യം ചെയ്ത് പുഴക്കര ചേന്നാസ് ഇല്ലത്തെ ചില അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജി ഇന്ന് പരിഗണിച്ചത് ജസ്റ്റിസ്മാരായ ജെ കെ മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവർ അടങ്ങിയ ബെഞ്ചാണ്. ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ തുലാ മാസത്തിലേക്ക് മാറ്റിയതിന് എതിരെ ചേന്നാസ് ഇല്ലത്തെ അംഗങ്ങള്‍ നല്‍കിയ ഹർജി പരിഗണിക്കുന്നതും ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ്.
ഇല്ലം നിറ പൂജ മാറ്റിയതിനെതിരായ ഹർജി ഇന്ന് പരിഗണിക്കുന്ന വേളയില്‍ ആണ് ഈ രണ്ട് വിഷയങ്ങളിലും ഹൈക്കോടതി പുറപ്പെടുവിച്ച വിധികളെഴുതിയ ബെഞ്ചില്‍ ഒരേ ജഡ്ജി ഉണ്ടായിരുന്ന കാര്യം ജസ്റ്റിസ് ജെ.കെ മഹേശ്വരി ചൂണ്ടിക്കാട്ടിയത്. ഈ രണ്ട് വിഷയങ്ങളിലും ഗുരുവായൂർ ദേവസ്വം ബോർഡ് എടുത്ത തീരുമാനത്തില്‍ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഹൈക്കോടതിയില്‍ ഇതേ ബെഞ്ചാണ് വർഷങ്ങളായി ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കുന്നത് എന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സി എസ് വൈദ്യനാഥൻ ചൂണ്ടിക്കാട്ടി.
ഈ വർഷം ഇല്ലംനിറ കൊടിമരച്ചുവട്ടില്‍,ശാശ്വത പരിഹാരം ഉടനുണ്ടാക്കാം-ജസ്റ്റിസ് മഹേശ്വരി
ഗുരുവായൂരിലെ ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിലിലേക്ക് മാറ്റിയ ദേവസ്വം ബോർഡ് തീരുമാനം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. മുമ്ബ് ഒരു തവണ ഇതേ പൂജ കൊടിമരച്ചുവട്ടില്‍ നടത്തിയിട്ടുണ്ടെന്നും, അതിനാല്‍ ഇത്തവണകൂടി അവിടെ നടക്കട്ടെയെന്നും ജസ്റ്റിസ് ജെ.കെ മഹേശ്വരി പറഞ്ഞു. ഗുരുവായൂരിലെ പൂജകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും താൻ പരിശോധിച്ചുവെന്നും, പൂജകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശാശ്വത പരിഹാരം ഉടൻ ഉണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇല്ലം നിറ പൂജ, ഉദയാസ്തമയ പൂജ എന്നിവയുമായി ബന്ധപ്പെട്ട ഹർജികള്‍ മൂന്ന് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സീനിയർ അഭിഭാഷകരായ സി എസ് വൈദ്യനാഥൻ, കെ പരമേശ്വർ, അഭിഭാഷകൻ എ കാർത്തിക് എന്നിവരാണ് ഹർജിക്കാർക്ക് വേണ്ടി ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത്. ഗുരുവായൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആര്യാമ സുന്ദരം, അഭിഭാഷകൻ എം ആർ അഭിലാഷ് എന്നിവർ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുന്നതിനെ ശക്തമായി എതിർത്തു.
ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ തുലാ മാസത്തിലേക്ക് മാറ്റിയത് തിരക്ക് നിയന്ത്രിക്കാനെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. നമസ്കാര മണ്ഡപത്തില്‍ നടന്നിരുന്ന ഇല്ലം നിറ പൂജ.. കൊടിമര ചുവട്ടിലേക്ക്മാറ്റിയതും തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ്. ഈ രണ്ട് തീരുമാനങ്ങള്‍ക്കും ഗുരുവായൂർ ക്ഷേത്ര തന്ത്രിയുടെ അനുമതി ഉണ്ടായിരുന്നുവെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. എന്നാല്‍ തന്ത്രിയുടെ കുടുംബമായ പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് ദേവസ്വം ബോർഡ് തീരുമാനം ആചാര ലംഘനം ആണെന്ന് ആരോപിച്ച് കോടതികളെ സമീപിച്ചത്.