Fincat

കാളയുടെ മുഖത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രം; തലസ്ഥാനത്ത് യുവമോര്‍ച്ച പ്രതിഷേധം


തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ശക്തമാക്കി യുവമോർച്ച. എംഎല്‍എ ബോർഡ് വച്ച്‌ രാഹുലിനെ കേരളത്തില്‍ ഇറങ്ങാൻ അനുവദിക്കില്ലെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി മനുപ്രസാദ് പറഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാളയുടെ മുഖത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച്‌ തെരുവിലൂടെ നടത്തിയായിരുന്നു പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച്‌ തടഞ്ഞു. പാർട്ടി നടപടി സ്വീകരിച്ച ആളെ പാലക്കാടിന് ചുമക്കേണ്ട ആവശ്യമില്ല. വിഡി സതീശനും ഷാഫി പറമ്ബിലുമായുള്ള കൂട്ടുക്കച്ചവടത്തിന്റെ ഭാഗമായിട്ടാണ് രാഹുലിനെ എംഎല്‍എ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത്. മനുപ്രസാദ് ആരോപിച്ചു.

നാലു തവണ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ്, വൈസ് പ്രസിഡന്റ് പി അഖില്‍, മീഡിയസെല്‍ കണ്‍വീനർ നന്ദു പപ്പനംകോട്, നേതാക്കളായ ചൂണ്ടിക്കല്‍ ഹരി, നേമം വിഷ്ണു, സൂരജ് വെള്ളനാട്, കൃഷ്ണപുരം വിഷ്ണു, എന്നിവർ മാർച്ചിന് നേതൃത്വം നല്‍കി.