Fincat

ഇന്ത്യൻ പരിശീലകനാവാനുള്ള ആദ്യ ചുവടുവെച്ച സൗരവ് ഗാംഗുലി

 


ഇന്ത്യൻ മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയെ പരിശീലകനായി നിയമിച്ച് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് ടീമായ പ്രിട്ടോറിയ ക്യാപിറ്റല്‍സ്. മുഖ്യ പരിശീലകനായിരുന്ന ഇംഗ്ലണ്ട് മുന്‍ താരം ജൊനാഥന്‍‍ ട്രോട്ട് പരിശീലക പദവിയില്‍ നിന്ന് രാജിവെച്ചതോടെയാണ് ഗാംഗുലിയെ പകരം പരിശീലകനായി നിയമിച്ചത്. ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഉടമസ്ഥതയിലുള്ള ടീമാണ് പ്രിട്ടോറിയ ക്യാപിറ്റല്‍സ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മെന്‍ററാണ് സൗരവ് ഗാംഗുലി.പ്രിട്ടോറിയ ക്യാപിറ്റല്‍സ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഗാംഗുലിയെ പരിശീലനകമായി നിയമിച്ച കാര്യം പുറത്തുവിട്ടത്.

അടുത്തിടെ വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യൻ പരിശിലകനാവാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ ഗാംഗുലിയ്ക്ക് അതിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് വിദേശ ഫ്രാഞ്ചൈസി ലീഗിലെ പരിശീലക ചുമതല എന്നാണ് വിലയിരുത്തല്‍.2018-2019 കാലയളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ടീം ഡയറക്ടറായി ഗാംഗുലി പ്രവര്‍ത്തിച്ചിരുന്നു.പിന്നീട് ബിസിസിഐ പ്രസിഡന്‍റായതിനെത്തുടര്‍ന്ന് ഗാംഗുലി ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞിരുന്നു.

കഴിഞ്ഞവര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സ് സഹ ഉടമകളായ ജെ എസ് ഡബ്ല്യുവിന്‍റെ ക്രിക്കറ്റ് ഡയറക്ടറായും ഗാംഗുലിയെ നിയമിച്ചിരുന്നു.ഡല്‍ഹി ക്യാപിറ്റല്‍സും പ്രിട്ടോറിയ ക്യാപിറ്റല്‍സുമെല്ലാം ഇതിന് കീഴിലാണ് വരുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് താരലേലം മുതലാവും ഗാംഗുലി പുതിയ ചുമതല ഏറ്റെടുക്കുക എന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ സീസണില്‍ ട്രോട്ടിന്‍റെ പരിശീലനത്തില്‍ ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് 10 മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് നേടാനായിരുന്നുള്ളു.അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനായാണ് ട്രോട്ട് പ്രിട്ടോറിയ ക്യാപിറ്റല്‍സ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഈ വര്‍ഷം ഡിസംബര്‍ 26 മുതല്‍ ജനുവരി 25വരെയാണ് ദക്ഷിണാഫ്രിക്കൻ ടി20 ലീഗ് നടക്കുക.