Fincat

ചുരത്തില്‍ മണ്ണിടിഞ്ഞു; കല്ലും മരങ്ങളും റോഡില്‍, വാഹനങ്ങള്‍ വഴിതിരിച്ച്‌ വിടുന്നു


കോഴിക്കോട്: താമരശ്ശേരി ചുരം വ്യൂ പോയന്റിന് സമീപം റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണ് ഗതാഗത തടസ്സപ്പെട്ടു.വൈകീട്ട് 6:45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്ബ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പോലീസ് അറിയിച്ചു.
കല്പറ്റയില്‍ നിന്നും ഫയർ ഫോഴ്സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള യാത്രയ്ക്ക് മറ്റു ചുരങ്ങള്‍ ഉപയോഗിക്കാമെന്ന് വയനാട് ജില്ലാകളക്ടർ അറിയിച്ചു. ‘താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞത് കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്. ആയതിനാല്‍ താമരശ്ശേരി യില്‍ നിന്നും പേരാമ്ബ്ര വഴി കുറ്റ്യാടി ചുരം വഴി യാത്ര ചെയ്യാവുന്നതാണ്’ കളക്ടർ അറിയിച്ചു.
താമരശ്ശേരി ചുരത്തില്‍ കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച്‌ ഇതുവഴിയുള്ള ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം ഏർപ്പെടുത്തിയതായി കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹില്‍ കുമാർ സിങും അറിയിച്ചു. വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ തിരിഞ്ഞു പോവേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.