മഴ, മണ്ണിടിച്ചിൽ; ജമ്മുകശ്മീരിൽ മഴക്കെടുതി രൂക്ഷം, 35 ലേറെ പേർ മരിച്ചു
ജമ്മുകശ്മീരിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ 35 ലധികം പേർ മരിച്ചു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലിൽ മാത്രം 31 പേർ മരിച്ചതായാണ് റിപ്പോർട്ട്. താവി ചനാബ് നദികളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. താവി നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. കുടുങ്ങിക്കിടന്ന 3500ലധികം ആളുകളെ രക്ഷപ്പെടുത്തി. കനത്ത മഴ റോഡ് റെയിൽ ഗതാഗതത്തെ ബാധിച്ചു.
കഴിഞ്ഞ ദിവസമാണ് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാ വഴിയിൽ മണ്ണിടിച്ചിലിലുണ്ടായത്. 31 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്ഷേത്രത്തിലേക്കുള്ള പാത തകർന്നുകിടക്കുകയാണ്. പാലങ്ങളും വൈദ്യുതി ലൈനുകളും മൊബൈൽ ടവറുകളും തകർന്നു.
രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യം, എൻഡിആർഎഫ് (ദേശീയ ദുരന്ത നിവാരണ സേന), എസ്ഡിആർഎഫ് (സംസ്ഥാന ദുരന്ത നിവാരണ സേന), ജമ്മു പോലീസ്, ഷ്രൈൻ ബോർഡ് ജീവനക്കാർ അടക്കം സംയുക്തമായി പ്രവർത്തിക്കുന്നുണ്ട്. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര നിർത്തിവെച്ചതായും പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ തീർത്ഥാടകർ യാത്ര തുടങ്ങരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.