Fincat

കേരളത്തിൽ കടലിൽമത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അതിഥി തൊഴിലാളികളെന്ന് പഠനം

കേരളത്തിൽ കടലിൽ മത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അതിഥി തൊഴിലാളികളെന്ന് പഠനം. മീൻപിടുത്തം, വിപണനം, സംസ്‌കരണം എന്നീ രംഗങ്ങളിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ ഗവേഷണത്തിൽ അതിഥി തൊഴിലാളികൾ സംസ്ഥാനത്തെ സമുദ്രമത്സ്യ മേഖലയിൽ സുപ്രധാന പങ്കുവഹിക്കുന്നതായി കണ്ടെത്തി.
ഇന്ത്യൻ സമുദ്രമത്സ്യബന്ധന മേഖലയിലെ തൊഴിൽ, ഉപജീവനമാർഗം, വിഭവ ഉൽപ്പാദന രീതികൾ എന്നിവയുമായി ബന്ധപ്പെട്ട സിഎംഎഫ്ആർഐയുടെ ദേശീയ ഗവേഷണ പദ്ധതിയിലെ കണ്ടെത്തലുകൾ സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിൽ അവതരിപ്പിച്ചു. തദ്ദേശീയ-ഇതര സംസ്ഥാന മത്സ്യത്തൊഴിലാളികളും പ്രതിനിധികളും ശിൽപശാലയിൽ പങ്കെടുത്തു. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ശ്യാം എസ് സലീമാണ് ഗവേഷണ പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്റർ.
കേരളത്തിലെ യന്ത്രവൽകൃത മത്സ്യബന്ധന മേഖലയിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ ഉള്ളത് എറണാകുളം ജില്ലയിലെ മുനമ്പം തുറമുഖത്താണ്. 78 ശതമാനം. പ്രധാനമായും തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് മത്സ്യബന്ധന മേഖലയിലുള്ളത്. സംസ്‌കരണ യൂണിറ്റുകളിൽ 50 ശതമാനവും വിപണന രംഗത്ത് 40 ശതമാനവും ഇതരസംസ്ഥാന തൊഴിലാളികളാണ്. യുവതലമുറയിലുള്ളവർ സമുദ്രമത്സ്യ മേഖലയിൽ ഉപജീവനം തേടാൻ താൽപര്യപ്പെടുന്നില്ലെന്നും പഠനം വെളിപ്പെടുത്തുന്നു.