ക്രോമിലെ പിഴവുകള്‍ മുതലെടുത്ത് പ്രത്യേകം തയ്യാറാക്കിയ ഇൻപുട്ടുകൾ വഴി ദോഷകരമായ കോഡുകള്‍ ചേര്‍ക്കാന്‍ സൈബർ കുറ്റവാളികൾക്ക് കഴിയും. ഇത് പൂർണ്ണമായ സിസ്റ്റം തകരാറുകളിലേക്കോ വ്യക്തിഗത ഡാറ്റകൾ മോഷ്‍ടിക്കുന്നതിനോ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലേക്കോ നയിച്ചേക്കാം. എണ്ണമറ്റ വെബ്‌സൈറ്റുകളിൽ ജാവാസ്ക്രിപ്റ്റ് വ്യാപകമായി ഉപയോഗിക്കുന്നതിനാൽ അപകടസാധ്യതയുടെ വ്യാപ്‍തി വളരെ വലുതാണെന്നും സിഇആർടി-ഇൻ വ്യക്തമാക്കുന്നു.

പഴയ ക്രോം പതിപ്പുകൾ അപകടത്തിലാണെന്ന് സിഇആർടി-ഇൻ പ്രത്യേകം മുന്നറിയിപ്പ് നൽകുന്നു. ഏത് ക്രോം പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉപയോക്താക്കൾ പരിശോധിക്കണമെന്നും സിഇആർടി-ഇൻ അഭ്യർഥിച്ചു. അവരുടെ ബ്രൗസർ ദുർബല വിഭാഗത്തിൽ പെടുന്നതാണെങ്കിൽ, അത് ഉടനടി അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് വരാനിരിക്കുന്ന പ്രശ്‍നങ്ങളിൽ നിന്ന് സുരക്ഷിതരാകാനുള്ള ഏക മാർഗം.

എങ്ങനെ ഈ സൈബര്‍ ഭീഷണിയില്‍ സുരക്ഷിതരായിരിക്കാം? ഗൂഗിൾ ഇതിനകം തന്നെ ഒരു പാച്ച്ഡ് അപ്‌ഡേറ്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ അപ്‍ഡേറ്റ് ലഭിക്കാൻ ഉപയോക്താക്കൾ ക്രോം തുറന്ന് മെനുവിലെ മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. സെറ്റിംഗ്‍സ് തിരഞ്ഞെടുത്ത് ‘എബൗട്ട് ക്രോമിൽ’ ക്ലിക്ക് ചെയ്യുക. തുടർന്ന് ബ്രൗസറിനെ അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാൻ അനുവദിക്കുക. അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, മാറ്റങ്ങൾ പ്രാബല്യത്തിൽ വരാൻ ക്രോം റീ സ്റ്റാർട്ട് ചെയ്യേണ്ടത് അത്യാവശ്യമാണ്.