Fincat

‘ആരും കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കണ്ട, ഇത് വെള്ളരിക്കാപ്പട്ടണമല്ല’ ആഞ്ഞടിച്ച്‌ പി.കെ.ശശി


പാലക്കാട്: മുൻ എംഎല്‍എയും കെടിഡിസി ചെയർമാനുമായ പി.കെ. ശശിയും സിപിഎമ്മും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മുറുകുന്നു.പി.കെ. ശശി വിഭാഗത്തിന്റെ സഹകരണബാങ്ക് ഉദ്ഘാടനത്തില്‍നിന്ന് ഇടത് നേതാക്കള്‍ വിട്ടുനിന്നതോടെ അദ്ദേഹം നടത്തിയ പരസ്യപ്രതികരണമാണ് ഇപ്പോള്‍ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ആരും കണ്ണുരുട്ടി പേടിപ്പിക്കാമെന്ന് വിചാരിക്കണ്ടെന്നും ഇത് വെള്ളരിക്കാപ്പട്ടണമല്ല എന്നുമാണ് ബാങ്കിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ നടത്തിയ പ്രസംഗത്തില്‍ പി.കെ. ശശി പറഞ്ഞത്.
ബാങ്കിന്റെ കെട്ടിട ഉദ്ഘാടനം കെ. ശാന്തകുമാരി എംഎല്‍എ നിർവഹിക്കും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ‘അധികാരികളെ കണ്ണുരുട്ടി പേടിപ്പിക്കാം എന്നൊന്നും ആരും വിചാരിക്കരുത്. ഇത് വെള്ളരിക്കാ പട്ടണമൊന്നുമല്ല. ഈ കാര്യങ്ങളെല്ലാം കൃത്യമായി കാണാനും അറിയാനും വിലയിരുത്താനും ശേഷിയുള്ള, നല്ല ഉശിരുള്ള ജനങ്ങളുള്ള നാടാണ് ഇത്.’ പി.കെ. ശശി പറഞ്ഞു.
‘ആരെങ്കിലും കണ്ണുരുട്ടിയാല്‍ പേടിച്ചു പോകുന്നവരാണ് സഹകരണ സ്ഥാപനങ്ങളില്‍ ഇരിക്കുന്നത് എന്ന തെറ്റായ ധാരണ ആർക്കെങ്കിലും ഉണ്ടെങ്കില്‍ അത് മടക്കി കീശയില്‍ വയ്ക്കുന്നതാണ് നല്ലത്. ഉദ്യോഗസ്ഥന്മാർ ഒറ്റ കാര്യം മനസിലാക്കിയാല്‍ മതി, ഇത് അവസാനത്തെ വെള്ളിയാഴ്ചയല്ല.’ അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് പാർട്ടിയില്‍നിന്ന് നിർദേശം ലഭിച്ചതോടെയാണ് ശാന്തകുമാരി എംഎല്‍എ പരിപാടിയില്‍ നിന്ന് പിൻവാങ്ങിയത് എന്നാണ് വിവരം.