Fincat

റേഷൻകാര്‍ഡില്‍ ഭാര്യയുടെ ഫോട്ടോയുടെ സ്ഥാനത്ത് ബിയര്‍കുപ്പി; ഞെട്ടല്‍, പിന്നെ പരിഹാരം


ചെന്നൈ: ഒരുദിവസം നീണ്ട പരിഭ്രാന്തിക്കുശേഷം തങ്കവേലിന് ആശ്വാസം. റേഷൻകാർഡില്‍ ബിയർക്കുപ്പിക്കുപകരം ഭാര്യയുടെ ഫോട്ടോതന്നെ ഇടംപിടിച്ചു.ഇഷ്ടികക്കളത്തില്‍ ജോലിചെയ്യുന്ന മധുര ചിന്നപ്പൂലമ്ബട്ടി സ്വദേശിയായ തങ്കവേല്‍ നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡില്‍ പേരുനല്‍കാനായി സേവനകേന്ദ്രത്തില്‍നിന്ന് റേഷൻകാർഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് കുടുംബനാഥയുടെ ഫോട്ടോയുടെ സ്ഥാനത്ത് ബിയർ ബോട്ടിലാണ് ഉള്ളതെന്നുകണ്ട് ഞെട്ടിയത്.
ഇത് വാർത്തയായതോടെ വ്യാഴാഴ്ച അധികൃതർ തങ്കവേലിന്റെ വീട്ടിലെത്തി. ഭാര്യ ജയപ്രിയയുടെ ഫോട്ടോചേർത്ത റേഷൻകാർഡിന്റെ പുതിയപകർപ്പുനല്‍കി. ജയപ്രിയയുടെ ഫോട്ടോയ്ക്കുപകരം കുപ്പി വന്നത് ഉദ്യോഗസ്ഥരുടെ കുഴപ്പംകൊണ്ടല്ലെന്നാണ് സിവില്‍സപ്ലൈസ് അധികൃതർ പറയുന്നത്.
റേഷൻകാർഡിലെ ഫോട്ടോ മാറ്റി പുതിയഫോട്ടോ വെക്കുന്നതിന് കാർഡുടമകള്‍ക്കുതന്നെ അവസരംനല്‍കുന്ന സംവിധാനം ഇടയ്ക്ക് കൊണ്ടുവന്നിരുന്നു.

തങ്കവേലിന്റെ വീട്ടുകാർ അതുവഴി ഫോട്ടോമാറ്റാൻ ശ്രമിച്ചപ്പോള്‍ പിണഞ്ഞ അബദ്ധമാകാം ഇതെന്നാണ് വിശദീകരണം.
ബിയർക്കുപ്പിയുടെ ഫോട്ടോയുള്ള റേഷൻകാർഡ്, തിരുത്തിനല്‍കിയ റേഷൻകാർഡ്
സാങ്കേതികവിദ്യയിലെ പരിചയക്കുറവുകാരണം പലരുടെയും കാർഡില്‍ സിനിമാതാരങ്ങളുടെ ഫോട്ടോ വന്നിരുന്നെന്നും അതേത്തുടർന്ന് ആ സംവിധാനം പിൻവലിച്ചെന്നും അധികൃതർ പറഞ്ഞു. ഇപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ചുറപ്പിച്ചശേഷമേ ഫോട്ടോ മാറ്റാൻപറ്റൂ.