Fincat

വൻ പോസിറ്റീവുമായി ‘ലോക’, ആദ്യദിനം കോടികൾ വാരി ചിത്രം

ഇന്ത്യൻ സിനിമയെ അനുദിനം ഞെട്ടിക്കുകയാണ് മലയാള സിനിമ. മേക്കിങ്ങിലും കണ്ടന്റിലും യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാതെ പുറത്തിറക്കുന്ന മലയാള സിനിമയ്ക്ക് കാഴ്ചക്കാർ ഏറെയാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു സിനിമ കൂടി എത്തി കഴിഞ്ഞു. മലയാള സിനിമയ്ക് അഭിമാനമേകിയ ‘ലോക- ചാപ്റ്റർ വൺ: ചന്ദ്ര’. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞ ദിവസം ആയിരുന്നു തിയറ്ററുകളിൽ എത്തിയത്. ആദ്യ ഷോ കഴിഞ്ഞത് മുതൽ തന്നെ വൻ പോസിറ്റീവ് റിവ്യൂകളാണ് എമ്പാടും ലഭിക്കുന്നത്.

ലോകയുമായി ബന്ധപ്പെട്ട പ്രശംസാ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിനിടെ സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷനും പുറത്തുവരികയാണ്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 2.65 കോടിയാണ് ആദ്യദിനം ലോക നേടിയിരിക്കുന്ന കളക്ഷൻ. ഇത് മുൻകൂട്ടിയുള്ള കണക്കാണ്. വരും മണിക്കൂറിൽ ഈ കളക്കിൽ മാറ്റം വരാം. ബുക്ക് മൈ ഷോയിൽ മികച്ച ബുക്കിം​ഗ് ആണ് ലോകയ്ക്ക് നടക്കുന്നത്. ഒപ്പം മികച്ച മൗത്ത് പബ്ലിസിറ്റിയും. രണ്ടാം ദിനമായ ഇന്ന് മുതൽ ലോകയുടെ വലിയൊരു കളക്ഷൻ പ്രയാണം തന്നെ കാണാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ.

അരുൺ ഡൊമിനിക് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ലോക. കല്യാണി പ്രിയദർശന്റെ കരിയർ ബ്രേക് സിനിമയാകും ഇതെന്ന് നിസംശയം പറയാം. ദുൽഖർ സൽമാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം തിയറ്ററുകളിലുണ്ട്. സൂപ്പർഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ ‘സണ്ണി’ എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.