Fincat

പ്രധാനമന്ത്രി ജപ്പാനില്‍; ലക്ഷ്യം അമേരിക്കയുടെ പിഴച്ചുങ്കത്തെ നേരിടല്‍?

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഏഴു വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ജപ്പാന്‍ സന്ദര്‍ശനം ആണിത്. പതിനഞ്ചാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവയുള്‍പ്പെടെ ഒന്നിലധികം മേഖലകളില്‍ കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ച.
അമേരിക്കയുടെ പിഴച്ചുങ്കത്തെ നേരിടുന്നതിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യ ജപ്പാനുമായുള്ള സൗഹൃദം കൂടുതല്‍ ദൃഢമാക്കുന്നത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജപ്പാന്‍ 10 ട്രില്യണ്‍ യെന്‍ നിക്ഷേപം നടത്തുമെന്ന് ജപ്പാന്‍ മാധ്യമമായ നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. നിര്‍മിത ബുദ്ധി, സെമികണ്ടക്ടേഴ്‌സ്, പരിസ്ഥിതി, മരുന്ന് നിര്‍മാണം, ആരോഗ്യം മുതലായ മേഖലകളിലായിരിക്കും ജപ്പാന്‍ നിക്ഷേപം.
ഇന്ത്യ-ജപ്പാന്‍ ബന്ധം മുന്‍പുള്ളതിനേക്കാള്‍ ദൃഢമായെന്നും യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ വികസിത വിപണികള്‍ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച ബാറ്ററി ഇലക്ട്രിക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ടോക്കിയോയിലെ ഇലക്ട്രോണ്‍ ഫാക്ടറിയും ബുള്ളറ്റ് ട്രെയിന്‍ കോച്ചുകള്‍ നിര്‍മ്മിക്കുന്ന സെന്‍ഡായിയിലെ തോഹോകു ഷിങ്കന്‍സെന്‍ പ്ലാന്റും പ്രധാനമന്ത്രി മോദി ഇന്ന് സന്ദര്‍ശിക്കുമെന്നാണ് വിവരം.