Fincat

ഓണം: ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് ഇനി സ്‌പെഷ്യല്‍ ട്രെയിനുകളുണ്ടാകില്ല; പൂജാ അവധിക്ക് ട്രെയിനുകള്‍


ചെന്നൈ: ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് ഇനി ഓണം പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിക്കാൻ സാധ്യതയില്ല. ഓണത്തിരക്ക് കണക്കിലെടുത്ത് ഒരു തീവണ്ടി കൊല്ലത്തേക്കും ഒരു വണ്ടി കണ്ണൂരിലേക്കുമാണ് ഇതുവരെ സർവീസ് നടത്തിയത്.മുൻവർഷങ്ങളില്‍ തിരക്കിനനുസരിച്ച്‌ പ്രത്യേക തീവണ്ടികള്‍ കേരളത്തിലേക്ക് അനുവദിച്ചിരുന്നു. ഇത്തവണ ചെന്നൈയില്‍നിന്ന് എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക തീവണ്ടികള്‍ ഓടിക്കാൻ ദക്ഷിണ റെയില്‍വേയുടെ ട്രാൻസ്പോർട്ട് ബ്രാഞ്ച് ശുപാർശ ചെയ്തിരുന്നെങ്കിലും ട്രാക്കും ടെക്നിക്കല്‍ സ്റ്റാഫും ഇല്ലെന്ന് പറഞ്ഞ് ഓപ്പറേഷൻ വിഭാഗം നിർദേശം തള്ളുകയായിരുന്നു.

അതേസമയം, പൂജ, ദീപാവലി തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികള്‍ ഓടിക്കാൻ ട്രാൻസ്പോർട്ട് ബ്രാഞ്ച് ശുപാർശ ചെയ്തിട്ടുണ്ട്. എറണാകുളത്തുനിന്ന് സെപ്റ്റംബർ 25, ഒക്ടോബർ രണ്ട്, ഒൻപത്, 16, 23 തീയതികളില്‍ (വ്യാഴാഴ്ചകളില്‍) പ്രത്യേക തീവണ്ടികള്‍ സർവീസ് നടത്തും. എറണാകുളത്തുനിന്ന് വ്യാഴാഴ്ചകളില്‍ വൈകീട്ട് 6.15-ന് പുറപ്പെടുന്ന തീവണ്ടി(06146) പിറ്റേന്ന് രാവിലെ 7.30-ന് ചെന്നൈ സെൻട്രലില്‍ എത്തും.

സെപ്റ്റംബർ 26, ഒക്ടോബർ മൂന്ന്, 10, 17, 24 എന്നീ തീയതികളില്‍(വെള്ളിയാഴ്ചകളില്‍) രാവിലെ 10.30-ന് ചെന്നൈ സെൻട്രലില്‍നിന്ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി(06145) രാത്രി 11-ന് എറണാകുളത്തെത്തും. ഷൊർണൂർ, പോത്തന്നൂർ, ഈറോഡ്, ജോലാർപ്പേട്ട വഴിയാണ് തീവണ്ടി പോകുക. തിരുവനന്തപുരത്തുനിന്ന് സെപ്റ്റംബർ 24, ഒക്ടോബർ ഒന്ന്, എട്ട്, 15, 22 ബുധനാഴ്ചകളില്‍ രാവിലെ 7.30-ന് തിരിക്കുന്ന തീവണ്ടി (06150) പുലർച്ചെ 12.30-ന് ചെന്നൈ സെൻട്രലിലെത്തും. ചെന്നൈയില്‍നിന്ന് സെപ്റ്റംബർ 25, ഒക്ടോബർ രണ്ട്, ഒൻപത്, 16, 23 തീയതികളില്‍ പുലർച്ചെ നാലിന് തിരിക്കുന്ന തീവണ്ടി (06149) അതേ ദിവസം രാത്രി ഒൻപതിന് തിരുവനന്തപുരത്ത് എത്തും.