Fincat

ആ സ്വപ്നത്തിന് പിന്നാലെ പോയത് അമ്മയായ ശേഷം, ഐഎഎസ് നേടിയത് മൂന്നാം ശ്രമത്തില്‍; ഒന്നും അസാധ്യമല്ലെന്ന് തെളിയിച്ച്‌ പുഷ്പലത


വിവാഹം കഴിയുന്നതോടെ സ്ത്രീകളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടാവാറുണ്ട്. നിരവധി പേർ അതുവരെ ചെയ്തിരുന്ന ജോലി ഉപേക്ഷിച്ച്‌ വീടിനുള്ളില്‍ ഒതുങ്ങിപ്പോവാറുണ്ട്.എന്നാല്‍ വിവാഹം കഴിഞ്ഞ് അമ്മയായ ശേഷം പഠിച്ച്‌ ഐഎഎസ് ഓഫീസർ വരെ ആയവരും ഈ സമൂഹത്തിലുണ്ട്. പുഷ്പലത യാദവിന്‍റെ ജീവിതം ഏവരെയും പ്രചോദിപ്പിക്കുന്നതാണ്. വിജയിച്ച എല്ലാ പുരുഷന്‍മാരുടെയും പിന്നിലൊരു സ്ത്രീയുണ്ട് എന്ന് പറയുന്നതു പോലെ വിജയിച്ച പുഷ്പലതയ്ക്ക് പിന്നിലൊരു പുരുഷനുണ്ടായിരുന്നു.

ഹരിയാനയിലെ രേവാരി ജില്ലയിലെ ഖുഷ്ബുര എന്ന ഗ്രാമമാണ് പുഷ്പലതയുടെ സ്വദേശം. ഗ്രാമത്തില്‍ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബിഎസ്‌സി പൂർത്തിയാക്കി, തുടർന്ന് എംബിഎ പാസ്സായി. 2011-ല്‍ വിവാഹിതയായ പുഷ്പലത ഹരിയാനയിലെ മനേസറില്‍ താമസമാക്കി. വിവാഹത്തിന് മുമ്ബ്, രണ്ട് വർഷം സ്വകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്നു, പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദില്‍ അസിസ്റ്റന്റ് മാനേജരായി. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് പുഷ്പലത സിവില്‍ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങിയത്, അപ്പോഴേക്കും അവർക്കൊരു കുഞ്ഞും പിറന്നു.

ജോലിയും വീട്ടുകാര്യങ്ങളും കുഞ്ഞിനെ പരിപാലിക്കലും അതിനിടയില്‍ സമയം കണ്ടെത്തിയുള്ള പഠിത്തവുമൊന്നും എളുപ്പമായിരുന്നില്ല. തുടർന്ന് ജോലി രാജി വച്ച്‌ മുഴുവൻ സമയവും പഠനത്തില്‍ കേന്ദ്രീകരിച്ചു. ഭർത്താവും കുടുംബവും നല്ല പിന്തുണ നല്‍കി, എല്ലാ ദിവസവും പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് മണിക്കൂറുകളോളം പഠിച്ചു. പുഷ്പലത യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നപ്പോള്‍ ഭർത്താവാണ് മകന്‍റെ കാര്യങ്ങള്‍ നോക്കിയത്. സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോവാൻ ഭർത്താവ് പിന്തുണയും പ്രോത്സാഹനവും നല്‍കി. ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെ പിന്തുണയും വിലമതിക്കാനാവാത്തതായിരുന്നു എന്ന് പുഷ്പലത തന്നെ പറഞ്ഞിട്ടുണ്ട്.

പുഷ്പലതയുടെ കഠിനാധ്വാനം മൂന്നാം ശ്രമത്തിലാണ് ഫലം കണ്ടത്. ആദ്യ രണ്ട് ശ്രമത്തിലും മെയിൻസ് പാസ്സായില്ല. എന്നാല്‍ മൂന്നാം ശ്രമത്തില്‍ അഖിലേന്ത്യാ തലത്തില്‍ 80-ാം റാങ്ക് നേടി. അർപ്പണബോധവും സ്ഥിരോത്സാഹവും ഉണ്ടെങ്കില്‍ ഏത് പരീക്ഷയിലും വിജയം കൈവരിക്കാൻ കഴിയുമെന്ന് പുഷ്പലത തെളിയിച്ചു. വെല്ലുവിളികളെ സധൈര്യം നേരിട്ടു. തൻ്റെ സ്വപ്നങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കാതെ ലക്ഷ്യം നേടാനായി പ്രവർത്തിച്ചു.