Fincat

ലക്ഷ്യം നെഹ്‌റു ട്രോഫി; പുന്നമടക്കായലില്‍ ചുണ്ടനുകള്‍ ചീറിപ്പായും


ആലപ്പുഴ: പുന്നമടക്കായലിലെ ഓളപ്പരപ്പില്‍ ശനിയാഴ്ച ചുണ്ടനുകള്‍ ചീറിപ്പായും. ചെറുവള്ളങ്ങളും ചുണ്ടനുകളും തുഴക്കരുത്തില്‍ കുതിക്കുമ്ബോള്‍ കരയില്‍ ആരവമുയരും.ചുണ്ടനുകളില്‍ എല്ലാവർക്കും ഒരൊറ്റ ലക്ഷ്യംമാത്രം. നെഹ്റുവിന്റെ പേരിലുള്ള വെള്ളിക്കപ്പ്. അതിനായി കൈമെയ് മറന്ന് അവർ ആഞ്ഞുതുഴയും.

21 ചുണ്ടൻവള്ളങ്ങള്‍ ഉള്‍പ്പെടെ 75 വള്ളങ്ങളാണ് എഴുപത്തൊന്നാമത് നെഹ്റുട്രോഫിയില്‍ മത്സരിക്കുന്നത്. മത്സരങ്ങള്‍ രാവിലെ 11-ന് ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചയ്ക്കു രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രി എത്തിയില്ലെങ്കില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

തുടർന്ന്, വള്ളങ്ങളുടെ മാസ്ഡ്രില്‍ നടക്കും. സിംബാംബ്വേയിലെ വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്കുമാർ ഇന്ദുകാന്ത് മോദി, സിംബാംബ്വേ അംബാസഡർ സ്റ്റെല്ല നിക്കാമോ എന്നിവരാണ് മുഖ്യാതിഥികള്‍.

ചുണ്ടൻവള്ളങ്ങളുടെ മത്സരങ്ങള്‍ ആറു ഹീറ്റ്സുകളിലായി നടക്കും. ആദ്യ നാലു ഹീറ്റ്സില്‍ നാലു വള്ളം, അഞ്ചാം ഹീറ്റ്സില്‍ മൂന്നു വള്ളം, ആറാമത്തെ ഹീറ്റ്സില്‍ രണ്ടു വള്ളം എന്നിങ്ങനെയാണ് മത്സരക്രമം. ഹീറ്റ്സില്‍ മികച്ച സമയംകുറിക്കുന്ന നാലു വള്ളം ഫൈനല്‍ പോരാട്ടത്തില്‍ പങ്കെടുക്കും. ചെറുവള്ളങ്ങളുടെ വിഭാഗത്തിലും ഫിനിഷ് ചെയ്യുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

കുറ്റമറ്റ ക്രമീകരണം

കഴിഞ്ഞവർഷം കല്ലുകടിയായി മാറിയ സ്റ്റാർട്ടിങ്-ഫിനിഷിങ് ഡിവൈസുകള്‍ ഇത്തവണ കുറ്റമറ്റതായാണ് തയ്യാറാക്കിയിരിക്കുന്നത്. ഫിനിഷിങ് ടൈമർ കഴിഞ്ഞവർഷം ഉപയോഗിച്ച ഡിവൈസിന്റെ പുതുക്കിയ പതിപ്പാണ്. വിജയിയെ കൃത്യമായി കണ്ടെത്താൻ സാധിക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം. ടൈമർ സംബന്ധിച്ച്‌ കഴിഞ്ഞവർഷം വലിയ പരാതികള്‍ ഉയർന്നിരുന്നു. സ്റ്റാർട്ടിങ് ഡിവൈസും അവസാനവട്ടവും പരീക്ഷിച്ച്‌ കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ട്. നെഹ്റുട്രോഫി കാണാനായി ആയിരങ്ങള്‍ ആലപ്പുഴയിലേക്കെത്തും. മത്സരം നടക്കുന്ന കായലിലും നഗരപരിസരങ്ങളിലും ശനിയാഴ്ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മഴ ചതിക്കില്ലെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

വെള്ളിയാഴ്ച രാവിലെമുതല്‍ തകർത്തുപെയ്യുന്ന മഴ വള്ളംകളിയാവേശത്തില്‍ ആശങ്ക പടർത്തിയിട്ടുണ്ട്. മത്സരദിനം രാവിലെ കുറച്ചു മഴയുണ്ടാകുമെന്നും ഉച്ചകഴിഞ്ഞ് പ്രശ്നമുണ്ടാകില്ലെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതർ അറിയിച്ചത്.

ചാർട്ടേഡ് ട്രിപ്പ് ഒന്ന്

നെഹ്റുട്രോഫിയുടെ ഭാഗമായി കെഎസ്‌ആർടിസിയുടെ ചാർട്ടേഡ് ട്രിപ്പ് കണ്ണൂരില്‍നിന്നെത്തും. 39 വള്ളംകളി പ്രേമികളുമായാണ് വരുന്നത്. കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് ചാർട്ടേഡ് ട്രിപ്പ് നടത്തുന്നത്. കൂടാതെ, ഓരോ ഡിപ്പോകള്‍ വഴിയും ടിക്കറ്റ് വില്‍പ്പനയുണ്ട്. വെള്ളിയാഴ്ചവരെ കെഎസ്‌ആർടിസി വഴി 55,000 രൂപയുടെ ടിക്കറ്റ് വില്‍പ്പന നടന്നു.

എൻടിബിആർ ജേഴ്സി അണിഞ്ഞാല്‍ സഹായം

തുഴച്ചില്‍ക്കാർ റേസ് കമ്മിറ്റി നല്‍കിയ ജേഴ്സിതന്നെ അണിഞ്ഞാല്‍ പ്രത്യേക സഹായം നല്‍കുന്നത് പരിഗണനയില്‍. ചിലർ എൻടിബിആർ നല്‍കുന്ന ജേഴ്സി മത്സരത്തില്‍ ധരിക്കാറില്ല. മറ്റു സ്പോണ്‍സർമാരുടെ ജേഴ്സി ധരിക്കാറുണ്ട്. എൻടിബിആറില്‍ ഒരുലക്ഷം രൂപ അടച്ചാല്‍ മറ്റു സ്പോണ്‍സർമാരുടെ ജേഴ്സി ധരിക്കാൻ അനുമതി നല്‍കും. അനുമതി നേടാത്തവർക്ക് ഇത്തവണ ബോണസ് നല്‍കില്ല. എൻടിബിആർ നല്‍കുന്ന ജേഴ്സിയണിഞ്ഞ് മത്സരത്തിനു മുൻപും ശേഷവുമുള്ള ഫോട്ടോയെടുത്ത് അധികൃതർക്കു സമർപ്പിച്ചാല്‍ പ്രത്യേക സഹായം നല്‍കാൻ ധാരണയായിട്ടുണ്ട്. മത്സരശേഷം ഇക്കാര്യത്തില്‍ തീരുമാനമാകും.