ഐഫോണ്‍ 17 സീരീസ് സെപ്റ്റംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുകയാണ്.ഇന്ത്യയിലെ വില കീശ കീറിക്കും?
കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ ലൈനപ്പായ ഐഫോണ്‍ 17 സീരീസ് സെപ്റ്റംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നീ നാല് ഫോണ്‍ മോഡലുകളാണ് ഈ ശ്രേണിയില്‍ പ്രതീക്ഷിക്കുന്നത്. ഇവയ്‌ക്ക് ഇന്ത്യയില്‍ എത്ര രൂപയാകും എന്ന ചര്‍ച്ചകള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. നിലവില്‍ പുറത്തുവന്ന റൂമറുകള്‍ പ്രകാരം ഐഫോണ്‍ 17 ലൈനപ്പിന് താഴെപ്പറയുന്ന വിലയാകും ഇന്ത്യയില്‍ വരിക. ഐഫോണ്‍ പ്രേമികളെ ചെറുതായെങ്കിലും നിരാശരാക്കുന്നതാണ് ഈ വില വിവര പട്ടിക.
ഐഫോണ്‍ 17 ശ്രേണിയിലെ എല്ലാ മോഡലുകള്‍ക്കും മുന്‍ഗാമികളെ അപേക്ഷിച്ച് വിലക്കൂടുതലുണ്ടാകും എന്നാണ് കിംവദന്തികള്‍. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ എന്നിവയ്ക്ക് മുന്‍ മോഡലുകളെ (ഐഫോണ്‍ 16, ഐഫോണ്‍ 16 പ്രോ) അപേക്ഷിച്ച് ഏകദേശം 50 ഡോളറിന്‍റെ വില വര്‍ധനവുണ്ടാകും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഐഫോണ്‍ 17 സീരീസിന് ഏകദേശം 84,900 രൂപയായിരിക്കും ആരംഭ വില എന്നാണ് ലീക്കുകള്‍ നല്‍കുന്ന സൂചന. ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ കഴിഞ്ഞ വര്‍ഷം 79,999 രൂപയ്‌ക്ക് പുറത്തിറങ്ങിയിരുന്ന സ്ഥാനത്താണ് ഈ വില വര്‍ധനവിന്‍റെ സൂചനകള്‍.
ആപ്പിള്‍ ഐഫോണ്‍ 17 പ്രോ ഫോണ്‍ മോഡല്‍ 256 ജിബി സ്റ്റോറേജ് വേരിയന്‍റിലാണ് ആരംഭിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. മുമ്പ് 128 ജിബി സ്റ്റോറേജ് വേരിയന്‍റുണ്ടായിരുന്ന സ്ഥാനത്താണിത്. എങ്കിലും ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 128 ജിബി സ്റ്റോറേജ് വേരിയന്‍റ് പ്രതീക്ഷിക്കുന്നു.
ഐഫോണ്‍ 17 പ്രോയുടെ വില തുടങ്ങുക 1,24,900 രൂപയിലായിരിക്കും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 16 പ്രോ 1,19,900 രൂപയ്ക്ക് പുറത്തിറങ്ങിയിരുന്ന സ്ഥാനത്താണിത്. പുതിയ ബേസ് സ്റ്റോറേജ് മോഡല്‍ അവതരിപ്പിക്കുന്നതാണ് വില കൂടാന്‍ കാരണമായി പറയപ്പെടുന്നത്. അതേസമയം ഐഫോണ്‍ 17 പ്രോ മാക്‌സിന് പറഞ്ഞുകേള്‍ക്കുന്ന വില 1,64,000 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 16 പ്രോ മാക്‌സ് പുറത്തിറങ്ങിയപ്പോള്‍ ആരംഭ വില 1,44,900 രൂപയായിരുന്നു. എന്നാല്‍ ഈ വിലകളൊന്നും ആപ്പിള്‍ കമ്പനി സ്ഥിരീകരിച്ചതല്ല.