ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ പുതിയ പദ്ധതിയുമായി അബുദാബി പൊലീസ്
അബുദാബി: ഡ്രൈവിംഗ് ലൈസൻസിലെ ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് അബുദാബി പൊലീസ് തുടക്കം കുറിച്ചു. അബുദാബി രാജ്യാന്തര വേട്ട, കുതിരയോട്ട പ്രദർശനമായ അഡിഹെക്സിലാണ് പൊലീസ് ഈ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്
ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള രണ്ട് പുതിയ പദ്ധതികളാണ് തുടങ്ങുന്നത്.
24 ബ്ലാക്ക് പോയിന്റുകൾ ഉള്ളവർക്ക്: 2,400 ദിർഹം അടച്ച് രജിസ്റ്റർ ചെയ്യുകയും ഗതാഗത നിയമലംഘകർക്കുള്ള പ്രത്യേക പുനരധിവാസ കോഴ്സിൽ പങ്കെടുക്കുകയും ചെയ്യുന്നവർക്ക് അവരുടെ ലൈസൻസ് തിരികെ ലഭിക്കും.
8 മുതൽ 23 വരെ ബ്ലാക്ക് പോയിന്റുകൾ ഉള്ളവർക്ക്: 800 ദിർഹം അടച്ച് രജിസ്റ്റർ ചെയ്യുകയും കോഴ്സിൽ പങ്കെടുക്കുകയും ചെയ്യുന്നവർക്ക് 8 ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാം.
എന്താണ് ബ്ലാക്ക് പോയിന്റ്?
ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്ക് ഡ്രൈവർമാർക്ക് ചുമത്തുന്ന പിഴയാണ് ബ്ലാക്ക് പോയിന്റ്. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ചാണ് പോയിന്റുകൾ നിശ്ചയിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 24 ബ്ലാക്ക് പോയിന്റുകൾ ലഭിച്ചാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടും.
യുഎഇ ആഭ്യന്തര മന്ത്രാലയം ഓഗസ്റ്റ് 25-ന് രാജ്യവ്യാപകമായി ‘അപകടരഹിത ദിനം’ എന്ന പേരിൽ ഒരു പുതിയ പദ്ധതി ആരംഭിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി, ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രതിജ്ഞയെടുക്കുകയും ആ ദിവസം നിയമലംഘനങ്ങളൊന്നും നടത്താതിരിക്കുകയും ചെയ്ത ഡ്രൈവർമാർക്ക് ഡ്രൈവിംഗ് ലൈസൻസിൽ നിന്ന് നാല് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ സാധിക്കും.