രാഹുല്‍ മാങ്കൂട്ടത്തിലിനുനേരേയുള്ള ആരോപണം; പരാതിക്കാരെത്തേടി അന്വേഷണസംഘം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടം എംഎല്‍എയ്ക്കുനേരേയുള്ള ആരോപണങ്ങളില്‍ പരാതിക്കാരെ കണ്ടെത്താനുള്ള വഴിയിലേക്ക് അന്വേഷണസംഘം.മാധ്യമങ്ങളിലും ഓണ്‍ലൈനുകളിലും അഭിമുഖമായും ശബ്ദസന്ദേശമായും ഉയർന്ന പരാതികളില്‍, അതിജീവിതകളായ പെണ്‍കുട്ടികളെ കണ്ടെത്താനാണ് ശനിയാഴ്ചചേർന്ന അന്വേഷണസംഘത്തിന്റെ യോഗത്തിലെ തീരുമാനം.
പോലീസ് സ്റ്റേഷനില്‍ നേരിട്ട് പരാതിനല്‍കിയവരും കുറവാണ്. ഒന്നോ രണ്ടോ പരാതികള്‍മാത്രമാണ് നേരിട്ട് പോലീസ് സ്റ്റേഷനില്‍ ലഭിച്ചത്. ബാക്കിയെല്ലാം ഇ-മെയിലായി ലഭിച്ചവയാണ്. ഇങ്ങനെ പരാതിനല്‍കിയവരെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങും. കൂടുതല്‍ വിവരങ്ങളോ തെളിവുകളോ ഉണ്ടെങ്കില്‍ ശേഖരിക്കും. മാധ്യമവാർത്തയുടെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതികളാണ് ഏറെയും. ഇതുമാത്രം അടിസ്ഥാനമാക്കി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകുമോയെന്ന സംശയവും പോലീസിനുണ്ട്.
ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ ശബ്ദസന്ദേശങ്ങളുടെയും ഫോണ്‍ സംഭാഷണങ്ങളുടെയും ഉറവിടം കണ്ടെത്തുകയാണ് പ്രധാനമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
രാഹുല്‍ ക്രൈംബ്രാഞ്ചിനുമുൻപില്‍ ഹാജരായില്ല
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ തിരഞ്ഞെടുപ്പുകമ്മിഷന്റെ വോട്ടേഴ്സ് തിരിച്ചറിയല്‍ കാർഡ് വ്യാജമായി തയ്യാറാക്കിയെന്ന കേസില്‍ ക്രൈംബ്രാഞ്ചിനുമുൻപില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഹാജരായില്ല. ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്നായിരുന്നു നിർദേശം.
തപാല്‍വഴി അറിയിപ്പ് രാഹുലിന് കൈമാറിയെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത്. പ്രത്യേക ദൂതൻവഴി വീണ്ടും നോട്ടീസ് നല്‍കും. ഇതിനോടും സഹകരിച്ചില്ലെങ്കില്‍ അടുത്തഘട്ടനടപടി ആലോചിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.