Fincat

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്‌സണല്‍-ലിവര്‍പൂള്‍ പോര്; ചെല്‍സിക്കും യുണൈറ്റഡിനും ജയം, ലാ ലിഗയില്‍ ബാഴ്‌സ ഇന്നിറങ്ങും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സീസണിലെ ആദ്യ വമ്പന്‍ പോരാട്ടം. ആഴ്‌സണല്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ നേരിടും. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടില്‍ രാത്രി ഒന്‍പതിനാണ് കളി തുടങ്ങുക. ആദ്യ രണ്ട് കളിയും ജയിച്ചാണ് ആഴ്‌സണലും ലിവര്‍പൂളും നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റി വൈകിട്ട് ആറരയ്ക്ക് ബ്രൈറ്റണുമായി ഏറ്റുമുട്ടും. മറ്റ് മത്സരങ്ങളില്‍ ആസ്റ്റന്‍ വില്ല, ക്രിസ്റ്റല്‍ പാലസിനെയും നോട്ടിംഗ്ഹാം ഫോറസ്റ്റ്, വെസ്റ്റ്ഹാമിനെയും നേരിടും.

ചെല്‍സിക്ക് രണ്ടാം ജയം

പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളിന് ഫുള്‍ഹാമിനെ തോല്‍പിച്ചു. യാവോ പെഡ്രോയുടെയും എന്‍സോ ഫെര്‍ണാണ്ടസിന്റെയും ഗോളുകള്‍ക്കാണ് ചെല്‍സിയുടെ ജയം. ആദ്യ പകുതിയുടെ ഇഞ്ചുറിടൈമില്‍ ആയിരുന്നു പെഡ്രോയുടെ ഗോള്‍. അന്‍പത്തിയാറാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയുടെ ജയം ഉറപ്പിച്ചു. മറ്റ് മത്സരങ്ങളില്‍ എവര്‍ട്ടന്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് വോള്‍വ്‌സിനെ തോല്‍പിച്ചപ്പോള്‍, ബോണ്‍മൗത്ത് ഏകപക്ഷീയമായ ഒരുഗോളിന് ടോട്ടനത്തെ തോല്‍പിച്ചു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യ ജയം. യുണൈറ്റഡ് ആവേശപ്പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ബേണ്‍ലിയെ തോല്‍പിച്ചു. ഇഞ്ചുറി ടൈമില്‍ ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ പെനാല്‍റ്റി ഗോളാണ് യുണൈറ്റഡിനെ രക്ഷിച്ചത്. ബേണ്‍ലി താരത്തിന്റെ സെല്‍ഫ് ഗോളിലൂടെയാണ് സ്‌കോര്‍ബോര്‍ഡ് തുറന്നത്. ബ്രയാന്‍ എംബ്യൂമോ യുണൈറ്റഡിന്റെ രണ്ടാംഗോള്‍ നേടി. ലെയ്ല്‍ ഫോസ്റ്ററും ജെയ്ഡന്‍ ആന്തണിയുമാണ് ബേണ്‍ലിയുടെ സ്‌കോറര്‍മാര്‍.

റയല്‍ മാഡ്രിഡിന് മൂന്നാം ജയം

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായ മൂന്നാം ജയം. മയ്യോര്‍ക്കയെ ഒന്നിനതിരെ രണ്ട് ഗോളിന് തോല്‍പിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് റയലിന്റെ തിരിച്ചുവരവ്. 37,38 മിനുട്ടുകളില്‍ അര്‍ദ ഗുളറും, വിനീഷ്യസ് ജൂനിയറുമാണ് റയലിന്റെ സ്‌കോറര്‍മാര്‍. അതേസമയം, തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ബാഴ്‌സലോണ ഇന്ന് റയോ വയേകാനോയെ നേരിടും. രാത്രി ഒരു മണിക്കാണ് മത്സരം തുടങ്ങുക.