ബിഗ് ബോസില്‍ വീണ്ടും ‘ഫിസിക്കല്‍ അസോള്‍ട്ട്’? പുറത്ത് പോകുമോ ആര്യന്‍? ഞെട്ടി പ്രേക്ഷകര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 7 ആവേശകരമായി മുന്നേറുകയാണ്. സീസണ്‍ 7 അഞ്ചാം വാരത്തിലേക്ക് കടക്കുകയാണ് ഇന്ന്. മുന്‍ സീസണുകളെ അപേക്ഷിച്ച് മത്സരാര്‍ഥികള്‍ക്ക് കൂടുതല്‍ കഠിനമാണ് ഈ സീസണ്‍. നാല് പേര്‍ ഇതിനകം പുറത്തായ സീസണില്‍ ഇന്നലെയാണ് വൈല്‍ഡ് കാര്‍ഡുകള്‍ എത്തിയത്. ഇതോടെ നിലവിലെ മത്സരാര്‍ഥികളുടെ എണ്ണം 21 ആണ്. ഇപ്പോഴിതാ ബിഗ് ബോസില്‍ ഒരു വലിയ സംഘര്‍ഷാവസ്ഥ അരങ്ങേറിയതിന്‍റെ സൂചനയുമായി എത്തിയിരിക്കുകയാണ് ഷോയുടെ പുതിയ പ്രൊമോ. ഏഷ്യാനെറ്റ് ആണ് പ്രൊമോ പുറത്തുവിട്ടിരിക്കുന്നത്.
ഇത് പ്രകാരം ഈ സീസണിലെ പ്രധാന മത്സരാര്‍ഥികളായ അനുമോള്‍ക്കും ആര്യനുമിടയില്‍ വലിയ അഭിപ്രായവ്യത്യാസവും സംഘര്‍ഷവും ഉടലെടുക്കുകയാണ്. ആര്യനും ജിസൈലിനുമിടയിലുള്ള അടുപ്പത്തെക്കുറിച്ച് അനുമോള്‍ എന്തോ പറയുന്നതും അതില്‍ പ്രകോപിതനാവുന്ന ആര്യന്‍ മുന്നോട്ട് ചാടി വരുന്നതും പ്രൊമോയില്‍ കാണാം. ഈ സമയത്ത് ചുറ്റും മറ്റ് മത്സരാര്‍ഥികളും നില്‍ക്കുന്നുണ്ട്. ആര്യന്‍റെ കോപം കയ്യാങ്കളിയിലേക്ക് നീങ്ങുമോ എന്നറിയാന്‍ എപ്പിസോഡ് വരണം. സഹമത്സരാര്‍ഥിക്ക് നേര്‍ക്കുള്ള ശാരീരികമായ ആക്രമണം ബിഗ് ബോസ് ഒട്ടും അനുവദിക്കാത്ത കാര്യമാണ്. ഉടനടിയുള്ള പുറത്താക്കലാണ് ഫിസിക്കല്‍ അസോള്‍ട്ടിന് ലഭിക്കുന്ന ശിക്ഷ.
അതേസമയം അഞ്ച് വൈല്‍ഡ് കാര്‍ഡുകള്‍ കൂടി എത്തിയതോടെ ഹൗസിലെ മത്സരം മുറുകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. സീരിയല്‍ താരം ജിഷിന്‍ മോഹന്‍, ഇന്‍റര്‍വ്യൂവര്‍ മസ്താനി, ആര്‍കിടെക്റ്റും നടിയും മോഡലുമായ വേദ് ലക്ഷ്മി, യുട്യൂബറും ഇന്‍ഫ്ലുവന്‍സറുമായ പ്രവീണ്‍, കോണ്ടെന്‍റ് ക്രിയേറ്ററും ഫുഡ് വ്ലോഗറും ഡാന്‍സറുമായ ആകാശ് സാബു (സാബുമാന്‍) എന്നിവയാണ് സീസണ്‍ 7 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയിരിക്കുന്നത്. പുതിയ വാരത്തിലേക്കുള്ള ജമ്പോ നോമിനേഷന്‍ ലിസ്റ്റും ബിഗ് ബോസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ബിഗ് ബോസില്‍ ഈ വാരാന്ത്യത്തില്‍ എവിക്ഷന്‍ ഉണ്ടായിരുന്നില്ല. അഭിലാഷ്, ഒനീല്‍ സാബു, രേണു സുധി, ആദില, നൂറ (ഇപ്പോള്‍ രണ്ട് മത്സരാര്‍ഥികള്‍), ബിന്നി, ആര്യന്‍ എന്നിവയാണ് പോയ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം പുതിയ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റിലും തുടരും, അനീഷ്, ശൈത്യ, അക്ബര്‍, ഷാനവാസ്, റെന ഫാത്തിമ, അപ്പാനി ശരത് എന്നിവരാണ് പുതുതായി ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെട്ടത്. അച്ചടക്ക നടപടിയുടെ ഭാഗമായി ജിസൈലും അനുമോളും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.