10 ലക്ഷത്തിൽ താഴെ വില, ടൊയോട്ടയുടെ എഞ്ചിൻ, ബ്രെസയുടെ മുകളിൽ സ്ഥാനം; ക്രെറ്റയും നെക്സോണും ഭയക്കുന്ന ആ മാരുതി കാർ എത്താൻ ഇനി മൂന്നുനാൾ മാത്രം!
ഇന്ത്യയിലെ ഏറ്റവും വലും ജനപ്രിയവുമായ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ മിഡ്-സൈസ് എസ്‌യുവി 2025 സെപ്റ്റംബർ 3 ന് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. നിലവിൽ ഇതിന് Y17 എന്ന കോഡ് നാമത്തിലാണ് നൽകിയിരിക്കുന്നത്. വിപണിയിൽ എത്തുമ്പോൾ ഇതിന് മാരുതി സുസുക്കി എസ്‌കുഡോ എന്ന് പേരിട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ. മാരുതിയുടെ ബ്രെസയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ഇടയിലായിരിക്കും ഈ എസ്‌യുവി സ്ഥാനം പിടിക്കുക. കമ്പനിയുടെ അരീന നെറ്റ്‌വർക്കിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായി ഇത് മാറും. വാഹനലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ എസ്‍യുവി ലോഞ്ച് ചെയ്യാൻ ഇനി വെറും മൂന്നുദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇതാ, ഈ എസ്‍യുവിയെക്കുരിച്ച് ഇതുവരെ അറിയാവുന്ന ചില കാര്യങ്ങൾ പരിശോധിക്കാം.
ഗെയിം-ചേഞ്ചർ ഫീച്ചറുകൾ
റിപ്പോർട്ടുകൾ പ്രകാരം, മാരുതി കാറുകളിൽ ഇതുവരെ അപൂർവമായി മാത്രം കണ്ടിട്ടുള്ള സവിശേഷതകൾ എസ്ക്യൂഡോയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ലെവൽ-2 അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം, പവർഡ് ടെയിൽഗേറ്റ്, ഡോൾബി അറ്റ്‌മോസ് ഓഡിയോ സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ , ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകൾ കമ്പനി വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഈ സവിശേഷതകളെല്ലാം പ്രൊഡക്ഷൻ പതിപ്പിൽ എത്തിയാൽ, ക്രെറ്റ പോലുള്ള ഫീച്ചർ സമ്പന്നമായ എസ്‌യുവികളുമായി എസ്ക്യൂഡോ നേരിട്ട് മത്സരിക്കും.
എഞ്ചിനും പവർട്രെയിനും
ഗ്രാൻഡ് വിറ്റാരയുടെ അതേ എഞ്ചിൻ ഓപ്ഷനുകൾ മാരുതി എസ്കുഡോയിലും ലഭിക്കാൻ സാധ്യതയുണ്ട്. ആദ്യ എഞ്ചിൻ 1.5 ലിറ്റർ K15 പെട്രോൾ എഞ്ചിനായിരിക്കും. അണ്ടർബോഡി സിഎൻജി കിറ്റ് ഉള്ള ഒരു സിഎൻജി വേരിയന്റിലും ഇത് വരാം. ഇതിനുപുറമെ, 1.5 ലിറ്റർ കരുത്തുറ്റ ഹൈബ്രിഡ് എഞ്ചിനും ഉണ്ടാകും. 150 bhp പവറും 263 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ളതായിരിക്കും ഇത്. ടൊയോട്ടയിൽ നിന്നും കടമെടുത്തിരിക്കുന്ന ഈ എഞ്ചിൻ ഇത് ഇ-സിവിടി ഗിയർബോക്സുമായി വരും. നെക്‌സോൺ, ക്രെറ്റ എന്നിവയേക്കാൾ മുൻതൂക്കം നൽകുന്ന 4WD ഓപ്ഷനും ഇതിനുണ്ടാകും.
എതിരാളികൾ
മാരുതി എസ്ക്യൂഡോ ക്രെറ്റ, നെക്‌സോൺ എന്നിവയുമായി നേരിട്ട് മത്സരിക്കും. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ രാജാവാണ് ഹ്യുണ്ടായി ക്രെറ്റ . സവിശേഷതകൾക്കും പ്രീമിയം ഫീലിനും പേരുകേട്ടതാണ് ഇത്. സുരക്ഷയുടെയും പണത്തിനു മൂല്യം നൽകുന്നതിന്റെയും അടിസ്ഥാനത്തിൽ ടാറ്റ നെക്‌സോൺ വിപണിയിലെ മുൻനിര മോഡലാണ്. അതായത് എസ്ക്യൂഡോ വിപണിയിൽ പ്രവേശിക്കുമ്പോൾ ഈ രണ്ട് ശക്തരായ എതിരാളികളുമായി മത്സരിക്കേണ്ടിവരും.
വില
മാരുതി സുസുക്കി എസ്‍ക്യുഡോയുടെ പ്രാരംഭ എക്സ്-ഷോറൂം വില ഒമ്പത് ലക്ഷം മുതൽ 10 ലക്ഷം വരെയാകാം എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ടോപ് വേരിയന്റിന് 18 ലക്ഷം മുതൽ 19 ലക്ഷം വരെ വിലവരും. മാരുതി സുസുക്കി ഈ വിലയിൽ എസ്‍ക്യുഡോയെ പുറത്തിറക്കിയാൽ, ക്രെറ്റയ്ക്കും നെക്സോണിനും ഇത് കടുത്ത വെല്ലുവിളി ഉയർത്തും.