പൂജാ അവധിക്ക് തിരുവനന്തപുരത്തുനിന്ന് സ്പെഷ്യല്‍ ട്രെയിൻ; റിസര്‍വേഷൻ ചൊവ്വാഴ്ച മുതല്‍
ചെന്നൈ: പൂജാ അവധിക്ക് തിരുവനന്തപുരത്തുനിന്ന് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് റെയില്‍വേ. തിരുവനന്തപുരം നോർത്ത്-സാന്ത്രാഗാച്ചി-തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ സർവീസാണ് പൂജാ അവധിക്കാലെത്തെ തിരക്ക് പരിഗണിച്ച് പ്രഖ്യാപിച്ചത്.06081 തിരുവനന്തപുരം നോർത്ത്-സാന്ത്രാഗാച്ചി സ്പെഷ്യല്‍ എക്സ്പ്രസ് സെപ്റ്റംബർ അഞ്ചാം തീയതി മുതല്‍ ഒക്ടോബർ 17 വരെ എല്ലാ വെള്ളിയാഴ്ചകളിലും തിരുവനന്തപുരം നോർത്തില്‍നിന്ന് സർവീസ് നടത്തും. 06082 സാന്ത്രാഗാച്ചി-തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ എക്സ്പ്രസ് സെപ്റ്റംബർ എട്ടാം തീയതി മുതല്‍ ഒക്ടോബർ 20 വരെ എല്ലാ തിങ്കളാഴ്ചകളിലും സാന്ത്രാഗാച്ചിയില്‍നിന്ന് സർവീസ് നടത്തും.
14 എസി ത്രീ ടയർ ഇക്കണോമി, രണ്ട് സ്ലീപ്പർക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകളാണ് ട്രെയിനിലുള്ളത്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. സെപ്റ്റംബർ രണ്ടാം തീയതി മുതല്‍ ഈ ട്രെയിനുകളില്‍ മുൻകൂട്ടിയുള്ള റിസർവേഷൻ ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.