തിരൂര്‍ ജില്ല യഥാർത്ഥ്യമാകുമോ?
തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളെ ചേര്‍ത്ത് ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം
തിരൂർ : ഒരിടവേളക്കു ശേഷം മലപ്പുറം ജില്ലാ വിഭജന ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഉയര്‍ന്നു കേള്‍ക്കുന്ന ആവശ്യമാണ് ജില്ലാ വിഭജനവും അനുബന്ധ ചര്‍ച്ചകളും. ഇതിനിടെ സര്‍ക്കാറുകള്‍ മാറി മാറി വരുന്നുണ്ടെങ്കിലും വിഭജന കാര്യത്തില്‍ പ്രത്യേകിച്ച് തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. മലപ്പുറം ജില്ലാ വിഭജനം ഏറ്റവും അനിവാര്യമായിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി അന്‍വര്‍ ജില്ലാ വിഭജന ആവശ്യം ഉയര്‍ത്തി രംഗത്തു വന്നത്. പിന്നാലെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. കഴിഞ്ഞ വ്യാഴാഴ്ച റവന്യു മന്ത്രി കെ.രാജന്‍ വിളിച്ചു ചേര്‍ത്ത റവന്യു അസംബ്ലി യോഗത്തില്‍ തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ വിഷയം ശക്തമായി ഉയര്‍ത്തിയതോടെ ജില്ലാ വിഭജന ചര്‍ച്ചകള്‍ക്ക് ഔദ്യോഗിക മുഖം കൈവന്നു.
ജില്ലയ്യുടെ തീരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളെ ഉള്‍പ്പെടുത്തി തിരൂര്‍ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നായിരുന്നു യോഗത്തില്‍ കുറുക്കോളി മൊയ്തീന്‍ ആവശ്യപ്പെട്ടത്. വിഷയത്തില്‍ അനുകൂല നിലപാടിലാണ് മന്ത്രിയും.
ജില്ലാ വിഭജനമെന്ന ന്യായമായ ആവശ്യം
കേരളപ്പിറവിക്കു ശേഷം മദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയായ മലബാര്‍ വിഭജിക്കപ്പെട്ടാണ് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകള്‍ രൂപം കൊള്ളുന്നത്. പിന്നീട് 1969 ജൂണ്‍ 16ന് കോഴിക്കോട് , പാലക്കാട് ജില്ലകളിലെ ഏറനാട്, തിരൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കുകള്‍ ചേര്‍ത്താണ് മലപ്പുറം ജില്ല രൂപീകരിക്കുന്നത്. 16 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍കൊള്ളുന്നതാണ് ഇന്നത്തെ മലപ്പുറം ജില്ല.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും ഭൂവിസ്തൃതിയില്‍ മൂന്നാമത്തേതുമാണ് മലപ്പുറം ജില്ല. സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് മൂന്നിരട്ടി വരെ ജനസംഖ്യയുണ്ട് മലപ്പുറത്ത്. ഇന്ത്യയിലെ 800 ല്‍ അധികം വരുന്ന ജില്ലകളില്‍ പകുതി ജില്ലകളിലും മലപ്പുറത്തിനേക്കാള്‍ കുറവാണ് ജനസംഖ്യ. ഡല്‍ഹി, പോണ്ടിച്ചേരി തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളേക്കള്‍ ഭൂവിസ്തൃതിയും ജനസംഖ്യയും മലപ്പുറത്താണ്. ത്രിപുര പോലുള്ള സംസ്ഥാനങ്ങളിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണ് മലപ്പുറത്ത്.
3550 ചതുരശ്ര കിലോമീറ്ററാണ് മലപ്പുറം ജില്ലയുടെ ഭൂവിസ്തൃതി. തൃശൂര്‍ ജില്ലാ അതിര്‍ത്തിയിലെ പാലപ്പെട്ടി മുതല്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ കടലുണ്ടി വരെ നീണ്ടു കിടക്കുന്നതാണ് മലപ്പുറം ജില്ലയിലെ തീരമേഖല. ഏകദേശം 70 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന തീരമേഖല സംസ്ഥാനത്തിന്റെ ആകെ തീരമേഖലയുടെ 11.87 ശതമാനം വരും. പൊന്നാനി, കൂട്ടായി, താനൂര്‍, പരപ്പനങ്ങാടി , ചാലിയം എന്നിവയാണ് പ്രധാന തീരമേഖല. തീരദേശ മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം.
സംസ്ഥാനത്ത് ഏറ്റവും കൂടൂതല്‍ പഞ്ചായത്തുകളുള്ളതും മലപ്പുറത്ത് തന്നെ. ജനസംഖ്യാനുപാതമായി ഉണ്ടാകേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ മലപ്പുറത്ത് നടക്കുന്നില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് ജില്ലാ വിഭജന ആവശ്യം ശക്തമാകുന്നതും. ജില്ലകള്‍ക്കുള്ള പദ്ധതി വിഹിതത്തില്‍ ആളോഹരി പങ്കാളിത്തം വളരെ ചെറുതായിപ്പോകുന്നതാണ് നിലവിലെ സ്ഥിതി. ഏറ്റവും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളുള്ള മലപ്പുറത്ത് ആവശ്യത്തിന് സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നില്ല.
പാര്‍ട്ടികള്‍ക്ക് നേട്ടമോ കോട്ടമോ?
തിരൂര്‍ കേന്ദ്രമായി ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിന് പ്രമുഖ പാര്‍ട്ടികളെല്ലാം അനുകൂലനിലപാടാണെങ്കിലും യുഡിഎഫും മുസ്ലീം ലീഗും മാത്രമാണ് പ്രത്യക്ഷത്തില്‍ ആവശ്യം ഉന്നയിക്കുന്നത്. ചില സംഘടനകളും ഈ ആവശ്യമുന്നയിച്ച് രംഗത്തുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുസ്ലീംലീഗാണ് ആദ്യമായി ഈ ആവശ്യം ഉന്നയിച്ചത്. ഇടക്കാലത്ത് പോപ്പുലര്‍ ഫ്രണ്ട് വിഷയം ഏറ്റു പിടിച്ചതോടെ ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ ഉയര്‍ന്നു. ഇതോടെ ലീഗ് ഈ ആവശ്യത്തില്‍ നിന്നും അല്‍പം പിന്നോട്ടു പോയി. എന്നാല്‍ കാലം മുന്നോട്ടു പോകുംതോറും ജനസംഖ്യാ വര്‍ധനവ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിഭജന ആവശ്യം അനിവാര്യമായിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞാണ് മുസ്ലീംലീഗ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഇപ്പോള്‍ വിഷയവുമായി ശക്തമായി മുന്നോട്ടു വന്നിട്ടുള്ളത്.
വിഭജനം ഓരോ പാര്‍ട്ടികള്‍ക്കും എങ്ങിനെ അനുകൂലമാകും എന്നതിലും പാര്‍ട്ടികള്‍ക്ക് കണക്കുകൂട്ടലുണ്ട്. സിപിഎമ്മിനാണ് ഇക്കാര്യത്തില്‍ വലിയ ആശങ്കയുള്ളത്. അതുകൊണ്ടുതന്നെ ഒളിഞ്ഞും തെളിഞ്ഞും മലപ്പുറം ജില്ലാ വിഭജനത്തെ സിപിഎം പ്രോത്സാഹിപ്പിക്കുന്നുമില്ല. വിഷയം ഉന്നയിക്കുന്നവരെ വര്‍ഗീയ, രാഷ്ട്രീയ ചാപ്പകുത്തലുകളും സിപിഎം നടത്തുന്നു.
രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറം ജനങ്ങളുടെ ക്ഷേമത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍തൂക്കം കൊടുക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം. തിരൂര്‍ കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കുന്നതിലൂടെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക നേട്ടമോ കോട്ടമോ ഉണ്ടാകില്ലെന്നതാണ് വസ്തു. കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളും റവന്യു ഓഫീസുകളും ഉണ്ടാകുന്നതോടെ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായിരിക്കും വിഭജനം.