ഷംസീന ഭൂമിയുടെയും അവകാശിയായി; മകളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍
കാസർകോട്: ഉറ്റവരെ നഷ്ടപ്പെട്ട ബാല്യം. ദുരിതപൂർണമാകും ജീവിതമെന്ന് കരുതിയിടത്തുനിന്ന് സന്തോഷത്തിന്റെ ലോകത്തേക്ക് പിടിച്ചുനടത്തി, കുടുംബജീവിതത്തിലേക്ക് കൈപിടിച്ചുകൊടുത്ത സർക്കാർ ആ പെണ്‍കുട്ടിയെ ഇപ്പോള്‍ ഭൂമിയുടെ അവകാശിയുമാക്കി.ആരുമില്ലെന്ന തോന്നലുണ്ടാകുമ്ബോള്‍ നീ തനിച്ചല്ലെന്ന് പറഞ്ഞ കരുതലോടെയുള്ള ചേർത്തുനിർത്തലില്‍ കാഞ്ഞങ്ങാട് കാഞ്ഞിരപ്പൊയിലിലെ അഭിരൂപിന്റെ ഭാര്യ ഷംസീനയുടെ ഉള്ളുനിറഞ്ഞു. കണ്ണുനിറയുമ്ബോഴും ചുണ്ടില്‍ പുഞ്ചിരിവിടർന്നു. കാസർകോട് ടൗണ്‍ ഹാളില്‍ തിങ്കളാഴ്ച നടന്ന പട്ടയമേളയില്‍ ആദ്യപേരുകാരിയായി ഷംസീനയും ഭർത്താവും റവന്യൂമന്ത്രി കെ. രാജനില്‍നിന്ന് പത്ത് സെന്റ് ഭൂമിയുടെ പട്ടയം കൈപ്പറ്റി.
പത്തുവർഷം മുൻപാണ് ഷംസീന പടന്നക്കാട്ടെ മഹിളാ സമഖ്യ ശിക്ഷണ കേന്ദ്രത്തിലെത്തുന്നത്. കുറഞ്ഞ നാളുകളില്‍തന്നെ എല്ലാവരുടെയും പ്രിയപ്പെട്ട മകളായി. പ്രായപൂർത്തിയായപ്പോള്‍ അവിടെനിന്ന് മാറ്റിത്താമസിപ്പിക്കണമെന്നിരിക്കെ അവളെ തനിയെ വിട്ടില്ല. പ്രത്യേക ഉത്തരവ് വാങ്ങി കൂടെ നിർത്തി. വിവാഹപ്രായമായപ്പോള്‍ കാഞ്ഞിരപ്പൊയിലിലെ അഭിരൂപിനെ വരനായി കണ്ടെത്തിയതും വിവാഹം നടത്തിയതും സർക്കാരാണ്. മേയ് 14-ന് രക്ഷിതാവിന്റെ സ്ഥാനത്തുനിന്ന് വരനായ അഭിരൂപിന് ഷംസീനയുടെ കൈപിടിച്ചുകൊടുത്തത് കളക്ടർ കെ. ഇമ്ബശേഖറായിരുന്നു.
‘ഭർത്താവിന് വെല്‍ഡിങ് ജോലിയാണ്. നീലേശ്വരം പാലാത്തടത്ത് ലഭിച്ച സ്ഥലത്ത് ചെറിയ കട തുടങ്ങണം. ജീവിതം കരുപ്പിടിപ്പിക്കണം’ -നിറഞ്ഞ സന്തോഷത്തോടെ ഷംസീന പറഞ്ഞു. ഈ കുടുംബത്തിന്റെ ജീവിതം സന്തോഷപൂർണമാകുമ്ബോള്‍ ഇതില്‍പരം മറ്റൊന്നില്ലെന്ന് പട്ടയമേളയില്‍ അവർക്കൊപ്പമെത്തിയ മഹിളാ സമഖ്യ കോഡിനേറ്റർ എ.എം. അസീറ.