Fincat

ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ കാണാതായി


ആറന്മുള: പത്തനംതിട്ട മാലക്കരയില്‍ പമ്ബയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിനെ കാണാതായി.ഹരിപ്പാട് സ്വദേശി വിഷ്ണുവിനായി തിരച്ചില്‍ നടക്കുകയാണ്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനാണ് വിഷ്ണു. ഭാര്യയും അധ്യാപികയുമായ രേഖയെ രക്ഷപ്പെടുത്താൻ ശ്രമിക്കവേയാണ് ഒഴുക്കില്‍പ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.

ആറന്മുള വള്ളസദ്യയില്‍ പങ്കെടുത്തശേഷം വിഷ്ണുവും കുടുംബവും മടങ്ങുമ്ബോഴായിരുന്നു സംഭവം. കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് മാലക്കര പള്ളിയോടക്കടവില്‍ കുളിക്കാനൊരുങ്ങവേ ഇക്കൂട്ടത്തിലെ മൂന്നുപേർ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതില്‍ അദ്വൈത് എന്ന പതിമൂന്നുകാരനെ കുട്ടിയുടെ അച്ഛൻ തന്നെ രക്ഷിച്ചു. രേഖയെ രക്ഷിക്കാൻ ചാടിയ വിഷ്ണു ശക്തമായ ഒഴുക്കില്‍പ്പെട്ടു. രേഖയെ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ ചേർന്ന് രക്ഷിച്ചു. ഇവരെ പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റി.

കായംകുളത്തുനിന്നും പത്തനംതിട്ടയില്‍നിന്നുമുള്ള അഗ്നിരക്ഷാസേനാംഗങ്ങള്‍ തിരച്ചില്‍ നടത്തുകയാണ്. നല്ല ഒഴുക്കുള്ളിടത്താണ് വിഷ്ണു വീണത്.