കരുനാഗപ്പള്ളി തഴവയില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം വീടുകള്‍ ആക്രമിച്ചു. മുഖംമറച്ചെത്തി ആക്രമണം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ബൈക്കുകളില്‍ വടിവാളും കമ്പിപ്പാരയും ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി അക്രമി സംഘം എത്തിയത്. തഴവ കുറ്റിപ്പുറത്തെ സുനന്ദയുടെ വീടാണ് ആദ്യം ആക്രമിച്ചത്. മുഖംമറച്ചെത്തിയ സംഘം കതക് ചവിട്ടിത്തുറന്ന് അകത്തുകയറി. ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ക്ക് നേരെ ഭീഷണി മുഴക്കി ഉപകരണങ്ങളെല്ലാം അടിച്ചു തകര്‍ത്തു.

ഇതേസമയം അക്രമി സംഘത്തിലെ മറ്റുചിലര്‍ സമീപത്തെ ഷാജിയുടെ വീടിന്‍റെ ജനല്‍ അടിച്ചു പൊട്ടിച്ചു. വീട്ടുകാര്‍ ലൈറ്റിട്ടെങ്കിലും ഭീഷണിപ്പെടുത്തി അണപ്പിച്ചു. ശബ്ദം കേട്ട് ലൈറ്റിട്ട മറ്റു വീടുകള്‍ക്ക് നേരെയും ഭീഷണി തുടര്‍ന്നു. രാധാകൃഷ്ണപിള്ള, മനോജ് കുമാര്‍, സുല്‍ഫത്ത് എന്നിവരുടെ വീടുകളും ആക്രമിച്ചു. വീട്ടുമുറ്റത്ത് കിടന്ന കാറും നശിപ്പിച്ചു. ഹെല്‍മറ്റും മുഖംമൂടിയും ധരിച്ചിരുന്നതിനാല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

പ്രദേശത്ത് ലഹരി സംഘങ്ങളുടെ ശല്യം പതിവാണ്. സ്ഥിരം കുറ്റവാളികളെ അടക്കം കേന്ദ്രീകരിച്ച് കരുനാഗപ്പള്ളി പൊലീസ് അന്വേഷണം തുടരുകയാണ്. കരുനാഗപ്പള്ളി മേഖലയില്‍ ഗുണ്ടാസംഘങ്ങളും ലഹരിസംഘങ്ങളും പിടിമുറുക്കുകയാണ്. പൊലീസിന്‍റെ രാത്രി പെട്രോളിംഗ് കാര്യക്ഷമമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.