Fincat

കനത്ത ചൂടും പൊടിനിറഞ്ഞ അന്തരീക്ഷവും തുടരും; യുഎഇ നിവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ കനത്ത ചൂടും പൊടി നിറഞ്ഞ അന്തരീക്ഷവും തുടരുന്നതായി കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോർട്ട്. പൊടിപടലങ്ങൾ നിറഞ്ഞിരിക്കുന്നതിനാൽ യുഎഇ നിവാസികൾക്ക് കാഴ്ചക്കുറവും അനുഭവപ്പെടുന്നുണ്ട്. ദുബായിൽ ഇന്ന് 40 ഡി​ഗ്രി വരെ ഉയർന്ന താപനിലയോടുകൂടിയ മൂടലും പൊടി നിറഞ്ഞ കാലാവസ്ഥയുമായിരിക്കും. രാത്രിയും ഈ അവസ്ഥ തുടരും. കുറഞ്ഞ താപനില 31 ഡിഗ്രിയായിരിക്കും.

അൽ ദഫ്‌റ മേഖലയിലെ അൽ ഹംറയിലും ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിലും അൽ മുഗൈറ പാലം മുതൽ ജബൽ അൽ ധന്ന പാലം വരെ കോടമഞ്ഞ് റിപ്പോർട്ട് ചെയ്തതായി മെറ്റ് ഓഫീസ് അറിയിച്ചു. ഉം ലൈലയിലും അൽ സറഫിന്റെ കിഴക്ക് ഭാഗത്തും ഹബ്ഷാൻ, മദിനത്ത് സായിദ് എന്നിവിടങ്ങളിലും കോടമഞ്ഞുള്ളതായി റിപ്പോർട്ടുകളുണ്ട്.
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിക്കും രാവിലെ 8:30-നും ഇടയിൽ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും കോടമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് നൽകിയിരുന്നു. കാഴ്ചാ പരിധി പൂർണമായും മങ്ങാൻ സാധ്യതയുള്ളതിനാൽ പുലർച്ചെ യാത്ര ചെയ്യുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിരുന്നു.