Fincat

ഇന്ത്യയ്ക്കുമേൽ അധിക തീരുവ ചുമത്തിയതിൽ വീണ്ടും ന്യായീകരണവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്കുമേൽ അധിക തീരുവ ചുമത്തിയതിൽ വീണ്ടും ന്യായീകരണവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമാണെന്ന് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. തീരുവ കൂടുതലായതിനാൽ അമേരിക്കൻ ഉത്പന്നങ്ങള്‍ ഇന്ത്യയിൽ വിൽക്കാനാകാത്ത സ്ഥിതിയാണുള്ളതെന്നും ട്രംപ് പറഞ്ഞു. ഇത് പരിഹരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. ഹാർലെ ഡേവിഡ്സൺ ബൈക്കുകൾക്ക് താൻ തീരുവ കുറപ്പിച്ചെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യ അമിത നികുതി ഏര്‍പ്പെടുത്തുമ്പോള്‍ ഇന്ത്യൻ ഉത്പന്നങ്ങള്‍ അമേരിക്കൻ മാര്‍ക്കറ്റിലേക്ക് അത്തരത്തിലുള്ള തടസങ്ങളൊന്നുമില്ലാതെയാണ് വിൽക്കാൻ അനുവദിച്ചിരുന്നതെന്നും ട്രംപ് പറഞ്ഞു.അമേരിക്കൻ വിപണി ഇന്ത്യൻ ഉത്പന്നങ്ങള്‍ക്കായി തുറന്നു നൽകുകയായിരുന്നു. ഇന്ത്യ ഉണ്ടാക്കുന്ന എല്ലാ ഉത്പന്നങ്ങളും വൻതോതിൽ അമേരിക്കയിലേക്ക് കൊണ്ടുവന്നിരുന്നു. അതിനാൽ തന്നെ അത് ഇവിടെ ഉത്പാദിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അത് ഒരുതരത്തിൽ നല്ലതല്ല. എന്നാൽ, 100ശതമാനം നികുതി ഏര്‍പ്പെടുത്തിയതിനാൽ ഇന്ത്യയില്‍ അമേരിക്കൻ ഉത്പന്നങ്ങള്‍ വിൽക്കാനും കഴിയുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിന് 200ശതമാനം നികുതിയാണ് ഇന്ത്യയിൽ ചുമത്തിയിരുന്നത്. ഇതിനാൽ ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയിൽ വിൽക്കാൻ കഴിയുമായിരുന്നില്ല. ഇതേതുടര്‍ന്ന് ഹാര്‍ലി ഡേവിഡ്സണ്‍ കമ്പനി ഇന്ത്യയിൽ പോയി അവിടെ പ്ലാന്‍റ് നിര്‍മിച്ച് അവിടെ വിൽപ്പന നടത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് അവര്‍ അമിത നികുതിയിൽ നിന്ന് ഒഴിവായതെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയമായ രീതിയിലായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.