അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസസംഗമം, സംഘടിപ്പിക്കുന്നത് ശബരിമല കര്‍മ്മസമിതിയും ഹിന്ദുഐക്യവേദിയും
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസസംഗമം സംഘടിപ്പിക്കാനൊരുക്കമെന്ന് സൂചന. ശബരിമല കർമ്മസമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും ചേർന്നാണ് വിശ്വാസസംഗമം സംഘടിപ്പിക്കുന്നത്.സെപ്റ്റംബർ 22 നാണ് വിശ്വാസസംഗമം. സെപ്റ്റംബർ 20നാണ് ആഗോള അയ്യപ്പസംഗമം നടക്കുന്നത്.
ഇതാണ് യഥാർഥ ഭക്തരുടെ സംഗമം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശബരിമല കർമ്മസമിതിയും ഹിന്ദുഐക്യവേദിയുമാണ് സംഗമത്തിന് മുൻകയ്യെടുത്തിട്ടുള്ളത്. പന്തളം കൊട്ടാരത്തെയും കൂടി പരിപാടിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കമെന്നാണ് വിവരം. ഇതിനായി കുമ്മനം രാജശേഖരൻ വ്യാഴാഴ്ച കൊട്ടാരം സന്ദർശിച്ച് കൊട്ടാരം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പിന്തുണ ഉറപ്പാക്കും.
വിപുലമായ രീതിയില്‍ വിശ്വസസംഗമം സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. എൻഎസ്‌എസ് അടക്കം വിശ്വാസികളെ മുഴുവൻ ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രമുഖരെ ക്ഷണിക്കാനും സംഘാടകർക്ക് പദ്ധതിയുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവരെ കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ട്. പങ്കെടുക്കുന്നില്ലെങ്കിലും ബിജെപിയുടെ പൂർണപിന്തുണ പരിപാടിയ്ക്ക് ഉണ്ടാകുമെന്നാണ് സൂചന.