‘ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ല’;പശ്ചാത്യ വെല്ലുവിളികള്‍ക്കിടയില്‍ പുത്തൻ ആയുധങ്ങള്‍ പുറത്തിറക്കി ചൈന
ബെയ്ജിങ്: യുഎസ് ഉള്‍പ്പടെയുള്ള പശ്ചാത്യ ലോകക്രമത്തെ വെല്ലുവിളിച്ചുള്ള ചൈനയുടെ വിജയദിന സൈനികപരേഡില്‍ അവരുടെ പുത്തൻ ആയുധങ്ങള്‍ പുറത്തിറക്കി.മിസൈലുകള്‍, ഡ്രോണുകള്‍, ലേസറുകള്‍ തുടങ്ങി അത്യാധുനിക ആയുധങ്ങളാണ് ചൈന ലോകത്തിന് മുന്നില്‍ പ്രദർശിപ്പിച്ചത്.
രണ്ടാംലോകയുദ്ധത്തിനിടെയുണ്ടായ ജാപ്പനീസ് അധിനിവേശത്തിനെതിരേ നടത്തിയ ചെറുത്തുനില്‍പ്പില്‍ വിജയംനേടിയതിന്റെ 80-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരേഡ്. സൈനികപരേഡില്‍ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും ഉത്തരകൊറിയൻ ചെയർമാൻ കിം ജോങ് ഉന്നുമുള്‍പ്പെടെ 26-ഓളം രാഷ്ട്രനേതാക്കളാണ് പങ്കെടുത്തത്.
പരേഡിലെ മിക്ക ആയുധങ്ങളും ഉപകരണങ്ങളും ആദ്യമായാണ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദർശിപ്പിക്കുന്നതെന്നാണ് ചൈനീസ് സർക്കാർ വൃത്തങ്ങള്‍ പറയുന്നത്.
കര, കടല്‍, ആകാശം എന്നിവിടങ്ങളില്‍ നിന്ന് ഒരുപോലെ വിക്ഷേപിക്കാൻ കഴിയുന്ന ആണവശേഷിയുള്ള മിസൈലുകളും ചൈന അനാച്ഛാദനം ചെയ്തു. ആകാശത്തുനിന്ന് വിക്ഷേപിക്കാവുന്ന ദീർഘദൂര മിസൈലായ ജിംഗ്ലി-1, അന്തർവാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ഭൂഖണ്ഡാന്തര മിസൈലായ ജുലാങ്-3, കരയില്‍ നിന്നുള്ള ഭൂഖണ്ഡാന്തര മിസൈലുകളായ ഡോങ്ഫെങ്-61 (ഡിഎഫ്-61), ഡോങ്ഫെങ്-31 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും സംരക്ഷിക്കുന്നതിനുള്ള ചൈനയുടെ തന്ത്രപരമായ ‘തുറുപ്പുചീട്ടാണ്’ ഈ ആയുധങ്ങളെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ച് വരുന്ന ലേസർ ആയുധങ്ങളും ചൈന പരേഡില്‍ പ്രദർശിപ്പിച്ചു.
വെള്ളത്തിനടിയിലും വായുവിലും പ്രവർത്തിക്കാൻ കഴിയുന്ന ഡ്രോണുകളും പ്രദർശിപ്പിച്ചു. കപ്പലുകളില്‍ നിന്ന് വിക്ഷേപിക്കാൻ രൂപകല്‍പ്പന ചെയ്ത ആളില്ലാ ഹെലികോപ്റ്ററുകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
ഇന്ന് ചൈന ശക്തമാണെന്നും ആരെയും ഭയപ്പെടുന്നില്ലെന്നും പരേഡിന് നേതൃത്വം നല്‍കിക്കൊണ്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് പറഞ്ഞു.
‘ചൈനീസ് ജനത അക്രമത്തെ ഭയപ്പെടാത്ത, സ്വാശ്രയരും ശക്തരുമായ ജനതയാണ്,’ അതേസമയം, സമാധാനപരമായ വികസനത്തിന്റെ പാത ഞങ്ങള്‍ പിന്തുടരുകയും മനുഷ്യരാശിക്ക് പങ്കാളിത്തപരമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കുകയും ചെയ്യും’ ഷി പറഞ്ഞു.
ബെയ്ജിങിലെ പ്രധാന പാതയായ ചാങ്‌ആൻ അവന്യൂവിലൂടെ, സൈനിക വ്യൂഹങ്ങള്‍ക്കരികിലൂടെ ഷി ഒരു കറുത്ത ലിമോസിനില്‍ സഞ്ചരിച്ചു. വാഹനത്തിന്റെ സണ്‍റൂഫില്‍ നാല് മൈക്രോഫോണുകള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് അദ്ദേഹം സൈനികരെയും, അണിനിരന്ന മിസൈലുകളെയും സൈനിക വാഹനങ്ങളെയും കടന്നുപോകുമ്ബോള്‍ അഭിവാദ്യം ചെയ്തു.
പുതിൻ കിം എന്നിവരുള്‍പ്പെടെ ഷിയുടെ ക്ഷണിതാക്കള്‍ ചരിത്രപരമായ ടിയാനൻമെൻ ഗേറ്റില്‍ നിന്ന് പരേഡ് വീക്ഷിച്ചു. ടിയാനൻമെൻ സ്ക്വയറിനെ അഭിമുഖീകരിക്കുന്ന വ്യൂവിംഗ് പ്ലാറ്റ്ഫോമിലേക്കുള്ള പടികള്‍ കയറുന്നതിന് മുമ്ബ് ഷി ഓരോരുത്തർക്കും ഹസ്തദാനം നല്‍കി. പ്ലാറ്റ്ഫോമിലേക്ക് പോകുമ്ബോള്‍ പുതിനും കിമ്മും ഷിയുടെ ഇരുവശത്തുമായിട്ടാണ് നിന്നത്.
ചൈനയില്‍ പരേഡ് ആരംഭിച്ചപ്പോള്‍, യുദ്ധത്തില്‍ പോരാടിയ അമേരിക്കക്കാരുടെ സംഭാവനകളെ ഷി അംഗീകരിക്കുമോ എന്ന ചോദ്യവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.