Fincat

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയില്ലെന്ന് ആക്ഷേപം;ഷൊര്‍ണൂര്‍നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവെച്ചു


ഷൊർണൂർ: നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലർ സി. സന്ധ്യ കൗണ്‍സിലർ സ്ഥാനം രാജിവെച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരേ കോണ്‍ഗ്രസ് എടുത്ത നിലപാടില്‍ പ്രതിഷേധിച്ചും വികസനം നടപ്പാക്കിയതില്‍ വി.കെ.ശ്രീകണ്ഠൻ എംപി പക്ഷപാതപരമായി ഇടപെട്ടു എന്നാരോപിച്ചുമാണ് രാജി. വൈകീട്ടോടെയാണ് സന്ധ്യ നഗരസഭാ അധ്യക്ഷന് രാജിക്കത്ത് നല്‍കിയത്. പത്ത് വർഷമായി അന്തിമഹാകാളൻചിറ വാർഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് സന്ധ്യ.

രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരേ ഉയർന്ന ആരോപണങ്ങളില്‍ പാർട്ടിയെടുത്ത നിലപാടില്‍ പ്രതിഷേധമുണ്ട്. ഒരു സ്ത്രീ എന്ന നിലയിലുള്ള പ്രതിഷേധമാണിത്. കോണ്‍ഗ്രസില്‍ സ്ഥാനങ്ങളില്ലാത്തതിനാല്‍ കമ്മിറ്റികളില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ നേതാക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു എന്നും സന്ധ്യ പറഞ്ഞു.

വികെ. ശ്രീകണ്ഠൻ എംപി ഷൊർണൂരിലെ വാർഡുകളിലേക്കെല്ലാം ഉയരവിളക്കുകളും വഴിവിളക്കുകളും നല്‍കി. എന്നാല്‍ തന്റെ വാർഡിനെ പരിഗണിച്ചില്ല. ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരെ ഇക്കാര്യം അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നും സന്ധ്യ പറഞ്ഞു.

എന്നാല്‍ സന്ധ്യ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തിപരമായ കാര്യങ്ങളാകാം രാജിവെക്കാൻ കാരണമെന്നും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. വ്യക്തിപരമായി ചോദിച്ചാല്‍ നല്‍കാനാവില്ല.രാജിക്ക് പുറകില്‍ മറ്റുദ്ദേശങ്ങളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.