ഫിഫ ലോകകപ്പ് യോഗ്യത മത്സരം; ബ്രസീലും അർജന്റീനയും വീണ്ടും കളത്തിൽ
യൂറോപ്യൻ മേഖലയിലെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ വമ്പന്മാർ ഇന്ന് കളത്തിൽ. ഇന്ത്യൻ സമയം നാളെ പുലർച്ചെ നടക്കുന്ന ലാറ്റിനമേരിക്കൻ മേഖലയിലെ മത്സരങ്ങളിൽ അർജന്റീനയും ബ്രസീലും ഇറങ്ങുന്നുണ്ട്.
ലാറ്റിനമേരിക്കൻ മേഖലയിൽ വമ്പൻ പോരാട്ടങ്ങളാണ് നടക്കുന്നത്. ലോകകപ്പിന് യോഗ്യത ഇതിനോടകം ഉറപ്പിച്ച ലോക ചാമ്പ്യന്മാരായ അർജന്റീന ഇന്ത്യൻ സമയം നാളെ രാവിലെ അഞ്ചിന് നടക്കുന്ന മത്സരത്തിൽ വെനസ്വേലയെ നേരിടും. ബ്യൂണസ് അയേഴ്സിൽ നടക്കുന്ന മത്സരം അർജന്റൈൻ കുപ്പായത്തിൽ ലയണൽ മെസ്സിയുടെ ജന്മനാട്ടിലെ അവസാന ഔദ്യോഗിക മത്സരമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അർജന്റീനയെ പോലെ യോഗ്യത ഉറപ്പിച്ച ബ്രസീൽ രാവിലെ ആറിന് നടക്കുന്ന മത്സരത്തിൽ ചിലെയെ നേരിടും. ഉറുഗ്വേ, കൊളംബിയ ടീമുകൾക്കും നിർണായക പോരാട്ടങ്ങളുണ്ട്.
അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിലെ യൂറോപ്യൻ ക്വാട്ട 16 / 12 ഗ്രൂപ്പ് ചാമ്പ്യന്മാർക്കൊപ്പം പ്ലേ ഓഫ് വഴി 4 റണ്ണറപ്പുകൾക്കും ടിക്കറ്റെടുക്കാം. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ സ്പെയിന്റെ എതിരാളികൾ ബൾഗേറിയയാണ്. യങ് സെൻസേഷൻ ലമിൻ യമാൽ തന്നെയാണ് മത്സരത്തിന്റെ പ്രധാന ആകർഷണം.
നാല് തവണ ലോക ജേതാക്കളായിട്ടുള്ള ജർമ്മനിക്ക് നേരിടാനുള്ള സ്ലോവാക്യയെയാണ്. ബെൽജിയം ലിച്ചൺസ്റ്റൈനെ നേരിടുമ്പോൾ, നെതർലാൻഡ്സ്–പോളണ്ട് പോരാട്ടവും ആരാധകർ കാത്തിരിക്കുന്നു. രാത്രി 12:15 നാണ് എല്ലാ മത്സരങ്ങളും.