കാഫ നേഷൻസ് കപ്പില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് സമനില; പ്രതീക്ഷ ഇനി മറ്റു മത്സരഫലങ്ങളില്‍
ഹിസോർ (താജിക്കിസ്താൻ): കാഫ നേഷൻസ് കപ്പില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യക്ക് സമനില. ഇരുടീമുകളും മികച്ച മുന്നേറ്റം കാഴ്ചവെച്ചെങ്കിലും ഗോള്‍ അകന്നുനിന്നു.രണ്ട് ടീമുകളും പ്രതിരോധനിരയിലും മികച്ച പ്രകടനം നടത്തി. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു. ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെ ടൂർണമെന്റിലെ ഇന്ത്യയുടെ ഭാവിയറിയാൻ രാത്രിയിലെ ഇറാൻ-താജിക്കിസ്താൻ മത്സരഫലം കാത്തിരിക്കണം. ടൂർണമെൻറില്‍നിന്ന് അഫ്ഗാനിസ്താൻ പുറത്തായി.
മത്സരത്തില്‍ ഇന്ത്യ മികച്ച ആധിപത്യം കാണിച്ചിട്ടും അഫ്ഗാൻ പ്രതിരോധത്തെ മറികടന്ന് അനുകൂലമായൊരു ഫലം സൃഷ്ടിക്കാൻ സാധിച്ചില്ല. ഓരോന്നുവീതം ജയവും തോല്‍വിയും സമനിലയുമായി ഇന്ത്യക്ക് നാല് പോയിന്റാണുള്ളത്. താജിക്കിസ്താന് മൂന്ന് പോയിന്റാണ്.
ആദ്യമത്സരത്തില്‍ താജിക്കിസ്താനെ തകർത്ത ഇന്ത്യ, രണ്ടാം മത്സരത്തില്‍ ശക്തരായ ഇറാനോട് പൊരുതിനിന്നശേഷം തോറ്റു. ഇതോടെ പുതിയ പരിശീലകൻ ഖാലിദ് ജമീലിന്റെ കീഴില്‍ ഇന്ത്യ ഒരു ജയവും ഒരു സമനിലയും നേടിയപ്പോള്‍ ഒരു തോല്‍വിയും വഴങ്ങി.