‘അവര്‍ അത് അര്‍ഹിക്കുന്നുണ്ട്’; ‘ലോക’യുടെ ലാഭവിഹിതം ടീമിന് പങ്കുവെക്കുമെന്ന് ദുല്‍ഖര്‍
ചരിത്രവിജയമായി മാറിയ ‘ലോക: ചാപ്റ്റർ വണ്‍- ചന്ദ്ര’യുടെ ലാഭവിഹിതം ചിത്രത്തില്‍ പ്രവർത്തിച്ചവർക്കും പങ്കിടുമെന്ന് നടനും നിർമാതാവുമായ ദുല്‍ഖർ സല്മാൻ.ചെന്നൈയില്‍ നടന്ന സക്സസ് മീറ്റിലാണ് ദുല്‍ഖർ ഇക്കാര്യം പറഞ്ഞത്. പ്രദർശനത്തിനെത്തി ഏഴാം ദിവസം ചിത്രം 100 കോടി ആഗോള കളക്ഷൻ പിന്നിട്ടിരുന്നു.
‘അഞ്ചുഭാഗമായാണ് ചിത്രം ആദ്യം പദ്ധതിയിട്ടത്. ഇനിയും വളരുമോ എന്ന് അറിയില്ല. അതിനുള്ള സ്കോപ്പുണ്ട്. ലാഭത്തിന്റെ ഒരുവിഹിതം ടീമിന് പങ്കുവെക്കും. അവർ അത് അർഹിക്കുന്നുണ്ട്’, എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ദുല്‍ഖറിന്റെ പ്രതികരണം.
ഓഗസ്റ്റ് 28-ന് പ്രദർശനത്തിനെത്തിയ ‘ലോക: ചാപ്റ്റർ വണ്‍- ചന്ദ്ര’ ബുധനാഴ്ചയാണ് ആഗോളകളക്ഷൻ 101 കോടി പിന്നിട്ടത്. മലയാളത്തില്‍ അതിവേഗം 100 കോടി ക്ലബ്ബില്‍ കയറുന്ന മൂന്നാമത്തെ ചിത്രമായി ‘ലോക’ മാറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന 12-ാമത്തെ മലയാളം സിനിമയുമാണ് ‘ലോക’. തെന്നിന്ത്യയില്‍ തന്നെ നായികാപ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിരുന്നു.
ഹൈദരാബാദില്‍ നടന്ന സക്സസ് സെലിബ്രേഷനില്‍ ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ച് ദുല്‍ഖർ സല്മാൻ സൂചന നല്‍കിയിരുന്നു. തന്റെ മുൻ ചിത്രങ്ങളായ ‘കിങ് ഓഫ് കൊത്ത’, ‘കുറുപ്പ്’ എന്നിവയ്ക്ക് ചെലവായ തുകയോളം തന്നെ ‘ലോക’യ്ക്കുമായിട്ടുണ്ടെന്നായിരുന്നു ദുല്‍ഖർ പറഞ്ഞത്.