തലമുടി വയറ്റില്‍ പോയാല്‍ എന്തുസംഭവിക്കും? ശസ്ത്രക്രിയ വരെ വേണ്ടി വരുന്ന സന്ദര്‍ഭങ്ങളുണ്ട്..
തലമുടി വയറ്റില്‍ പോയാല്‍ എന്താണ് സംഭവിക്കുക? വയറുവേദന ഉണ്ടാകുമോ? അതോ മറ്റെന്തെങ്കിലും രോഗം ഉണ്ടാകുമോ? ഭക്ഷണം കഴിക്കുമ്പോള്‍ ചിലപ്പോഴൊക്കെ തലമുടി വായില്‍ പോകാറുണ്ട് അല്ലേ. ചില ആളുകള്‍ക്ക് മുടി പറിച്ചെടുത്ത് വിഴുങ്ങാനുള്ള പ്രേരണ ഉണ്ടാകാറുണ്ട്. ട്രൈക്കോട്ടില്ലോമാനിയ, ട്രൈക്കോഫാഗിയ തുടങ്ങിയ മാനസികാരോഗ്യ അവസ്ഥയാണിത്. ‘ഗ്യാസ്‌ട്രോഎന്‍ട്രോളജി റിപ്പോര്‍ട്ട്‌സില്‍’ പ്രസിദ്ധീകരിച്ച ഒരു ഗവേഷണം അനുസരിച്ച് മുടി വിഴുങ്ങിയാല്‍ എന്ത് സംഭവിക്കുമെന്നാണ് പറയുന്നതെന്ന് നോക്കാം.
ആമാശയത്തില്‍ അടിഞ്ഞുകൂടുന്ന രോമകൂപങ്ങള്‍ അപൂര്‍വ്വമായി ഒരു ട്രൈക്കോബെസോവര്‍(ഹെയര്‍ബോള്‍) രൂപപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇത് മൂലം അസ്വസ്ഥതയോ ദഹനപ്രശ്‌നങ്ങളോ ഉണ്ടാവാം. ഇങ്ങനെ വളരെ അസാധാരണമായിട്ടാണ് സംഭവിക്കുന്നതെങ്കിലും ആവര്‍ത്തിച്ച് മുടി വിഴുങ്ങുന്നത് അല്ലെങ്കില്‍ മുടി ചവയ്ക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
മുടി വിഴുങ്ങുന്നതിനെക്കുറിച്ച് അറിയാന്‍
മുടി കെരാറ്റിന്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശരീരത്തിന് ഇവയെ ദഹിപ്പിക്കാന്‍ കഴിയില്ല. മുടിയോ രോമങ്ങളോ വിഴുങ്ങിയാല്‍ അത് നമ്മുടെ ആമാശയത്തിലൂടെയും കുടലിലൂടെയും വലിയ തോതില്‍ കേടുകൂടാതെ കടന്നുപോകുന്നതാണ്. ഇത്തരം കേസുകള്‍ അപൂര്‍വ്വമാണെങ്കിലും ആവര്‍ത്തിച്ചുളള മുടിവിഴുങ്ങല്‍ ‘ട്രൈക്കോബസോവര്‍’ അല്ലെങ്കില്‍ ഹെയര്‍ ബോള്‍സ് ഉണ്ടാകാന്‍ കാരണമാകാറുണ്ട്. കാലം മുന്നോട്ട് പോകുമ്പോള്‍ ഇത് ഓക്കാനം, വയറുവേദന, ഛര്‍ദ്ദി, ദഹിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകാറുണ്ട്. വിഴുങ്ങുന്ന രോമകൂപങ്ങളില്‍ ഭൂരിഭാഗവും പ്രശ്‌നങ്ങളില്ലാതെ കടന്നുപോകുമെങ്കിലും ഇതിന്റെ അപകട സാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കണം.
എപ്പോള്‍ ഡോക്ടറെ കാണണം
തുടര്‍ച്ചയായ വയറുവേദന, ഓക്കാനം, ഛര്‍ദ്ദി അല്ലെങ്കില്‍ ദഹന തടസം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്. മുടി കെട്ടിക്കിടക്കുന്ന അവസ്ഥയാണെങ്കില്‍ മെഡിക്കല്‍ ഇമേജിംഗിന് തിരിച്ചറിയാന്‍ കഴിയും. കഠിനമായ കേസുകള്‍ ഇവ ശസ്ത്രക്രിയ വഴി നീക്കം ചെയ്യേണ്ടിവന്നേക്കാം.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)