Fincat

ജോലി തേടി വന്നു, ജീവനില്ലാതെ മടങ്ങി; ‘സിസ്റ്റത്തിലെ തകരാര്‍’ ഇല്ലാതാക്കിയത് ഒരു ജീവൻ


തിരുവനന്തപുരം : ജീവിക്കാനുള്ള അവകാശം ഭരണഘടന പൗരന്മാർക്ക് നല്‍കുന്ന മൗലികാവകാശങ്ങളില്‍ ഒന്നാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പക്ഷാഘാതത്തിന് ചികിത്സതേടിയെത്തിയ കണ്ണൂർ കുടിയാൻമല കൊച്ചുപുരക്കല്‍ ശ്രീഹരി(49)ക്കു നിഷേധിക്കപ്പെട്ടതും ഈ മൗലികാവകാശമാണ്.രണ്ടാഴ്ചയ്ക്കുശേഷം കഴിഞ്ഞ ദിവസമാണ് ശ്രീഹരി മരിച്ചത്. ആരോഗ്യമന്ത്രി മറ്റൊരു അവസരത്തില്‍ ചൂണ്ടിക്കാട്ടിയ സിസ്റ്റത്തിന്റെ തകരാറുകൊണ്ടു മാത്രം. കൂട്ടിരിപ്പുകാരില്ലെന്ന കാരണത്താല്‍ ചികിത്സ വൈകിയതു വിവാദമായപ്പോള്‍ മെഡിക്കല്‍ കോളേജ് അധികൃതർ ഉണർന്നെങ്കിലും ദിവസങ്ങള്‍ക്കകം രോഗി മരിച്ചു.

അപരിചിതമായ നാട്ടില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തവർ സർക്കാർ ആശുപത്രിയില്‍ എത്തിയാല്‍ എന്താണ് സംഭവിക്കുക എന്ന് വ്യക്തമാക്കുന്നതാണ് ശ്രീഹരിക്കുണ്ടായ അനുഭവം. ചികിത്സ ലഭിച്ചില്ലെന്ന് ആരോപണമുയർന്നിട്ടും ഇതിനെക്കുറിച്ച്‌ അന്വേഷിക്കാനോ നടപടി സ്വീകരിക്കാനോ അധികൃതർ തയ്യാറാവുന്നുമില്ല.

അതേസമയം ശ്രീഹരിയുടെ മരണത്തില്‍ സർക്കാരിനുനേരേ ആരോപണങ്ങള്‍ ഉണ്ടാകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണു നടന്നത്. മെഡിക്കല്‍ കോളേജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഭരണകക്ഷി അനുകൂലസംഘമാണ് ഇതിനു ചുക്കാൻപിടിച്ചത്. മരണത്തില്‍ പരാതിയില്ലെന്നു ഉറപ്പാക്കി ചികിത്സപ്പിഴവു ചർച്ചയാകാതിരിക്കാനായിരുന്നു ശ്രമങ്ങള്‍. കണ്ണൂരില്‍നിന്ന് ശ്രീഹരിയുടെ ബന്ധുക്കളെ എത്തിച്ച്‌ തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിക്കുന്നതിനു സംഘം എല്ലാ സഹായവും നല്‍കി.

കണ്ണൂരില്‍നിന്നു ജോലി തേടിയാണ് ശ്രീഹരി തലസ്ഥാനത്തെത്തിയത്. ഗള്‍ഫിലായിരുന്ന ഇദ്ദേഹം അവിടെനിന്നു മടങ്ങി നാട്ടിലെത്തിയശേഷമാണ് ജോലി അന്വേഷിച്ച്‌ ജൂലായില്‍ തിരുവനന്തപുരത്തെത്തിയത്. കരമനയിലുള്ള കാർ വർക്ക്ഷോപ്പില്‍ എത്തിയ ശ്രീഹരിക്ക് ആദ്യം ഉടമ ജോലി നല്‍കിയില്ല. പിന്നീട് ഇയാളുടെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ് ജോലിയും താമസസൗകര്യവുമുള്‍പ്പെടെ ലഭ്യമാക്കി. ഇവിടെവെച്ചാണ് ആദ്യം ശ്രീഹരിക്ക് അസുഖം ബാധിക്കുന്നത്. ഇതിനു ചികിത്സതേടി ഭേദമായെങ്കിലും ഓഗസ്റ്റ് 19-ന് കുഴഞ്ഞുവീണതിനെത്തുടർന്ന് വീണ്ടും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കരമനയിലെ വർക്ക്ഷോപ്പുടമയായ സതീശനാണ് കൂടെയുണ്ടായിരുന്നത്. ശ്രീഹരിയെ ഇവിടെയാക്കിയശേഷം സതീശൻ മടങ്ങി. എന്നാല്‍, മതിയായ ചികിത്സ ഇദ്ദേഹത്തിനു ലഭിച്ചില്ല. കട്ടില്‍പോലുമില്ലാതെ തറയില്‍ കിടക്കേണ്ടിവന്നു. സിടി സ്കാൻ എടുത്തിരുന്നുവെങ്കിലും ഇതിന്റെ ഫലംപോലും സമയത്ത് ആരും വാങ്ങി പരിശോധിച്ചില്ല. പിന്നീട് കണ്ണൂരില്‍നിന്ന് ശ്രീഹരിയുടെ ഭാര്യ എത്തിയപ്പോള്‍ ഇദ്ദേഹം വിസർജ്യത്തിലടക്കം കുളിച്ചുകിടക്കുന്ന അവസ്ഥയിലായിരുന്നു. സംഭവം വിവാദമായശേഷമാണ് ശ്രീഹരിക്ക് മതിയായ ചികിത്സ ലഭിച്ചുതുടങ്ങിയത്. ഇതിനിടെ ശ്രീഹരിയുടെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു. പിന്നീട് ജോലിയാവശ്യത്തിനായി ശ്രീഹരിയുടെ ഭാര്യയ്ക്ക് വിദേശത്തേക്കു മടങ്ങേണ്ടിവന്നു. ഇതിനുശേഷവും മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് ഇദ്ദേഹം മരണപ്പെട്ടത്.