ടൈറ്റൻസിനെതിരേ 10 വിക്കറ്റിന്റെ ആധികാരിക ജയം; കൊല്ലം സെയ്‌ലേഴ്‌സ് ഫൈനലില്‍
തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ടീമായി നിലവിലെ ചാമ്ബ്യൻമാരായ ഏരീസ് കൊല്ലം സെയ്ലേഴ്സ്.വെള്ളിയാഴ്ച നടന്ന ആദ്യ സെമിയില്‍ തൃശൂർ ടൈറ്റൻസിനെതിരേ 10 വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് തുടർച്ചയായ രണ്ടാം സീസണിലും കൊല്ലം ഫൈനലിന് ടിക്കറ്റെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിനെ 17.1 ഓവറില്‍ വെറും 86 റണ്‍സിന് ഓള്‍ഔട്ടാക്കിയ കൊല്ലം, മറുപടി ബാറ്റിങ്ങില്‍ വെറും 9.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തി.
അർധ സെഞ്ചുറി നേടിയ ഭരത് സൂര്യയും അഭിഷേക് നായരുമാണ് കൊല്ലത്തിന് അനായാസ ജയം സമ്മാനിച്ചത്. 31 പന്തില്‍ നിന്ന് മൂന്നു സിക്സും ഏവ് ഫോറുമടക്കം 56 റണ്‍സോടെ പുറത്താകാതെ നിന്ന ഭരതാണ് കൊല്ലത്തിന്റെ ടോപ് സ്കോറർ. 28 പന്തുകള്‍ നേരിട്ട അഭിഷേക്, ഒരു സിക്സും മൂന്ന് ഫോറുമടക്കം 32 റണ്‍സെടുത്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിന് കൊല്ലത്തിന്റെ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായിരുന്നില്ല. 28 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ആനന്ദ് കൃഷ്ണനാണ് അവരുടെ ടോപ് സ്കോറർ. 10 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത അഹമ്മദ് ഇമ്രാനാണ് ടീമില്‍ രണ്ടക്കം കടന്ന മറ്റൊരു താരം. ക്യാപ്റ്റൻ ഷോണ്‍ റോജർ (7), അക്ഷയ് മനോഹർ (6), അജു പൗലോസ് (6), സിബിൻ ഗിരീഷ് (6), അർജുൻ എ.കെ (6) എന്നിവരെല്ലാം നിരാശപ്പെടുത്തി.
കൊല്ലത്തിനായി പവൻ രാജ്, അമല്‍, വിജയ് വിശ്വനാഥ്, അജയഘോഷ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.