റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ തീരുമാനം; രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരെ നിർമല സീതാരാമൻ
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ചുള്ള തീരുമാനം ഇന്ത്യയുടേതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വില, ലോജിസ്റ്റിക്സ് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായ സ്ഥലത്ത് നിന്ന് സാധനങ്ങൾ വാങ്ങുമെന്നും നിർമല സീതാരാമൻ പറഞ്ഞു. നെറ്റ്‌വർക്ക് 18 എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം.
ഇന്ത്യയെ ‘ക്രെംലിന്‍റെ അലക്കുശാല’ എന്നും യുക്രെയ്ൻ-റഷ്യൻ യുദ്ധത്തെ ‘മോദിയുടെ യുദ്ധം’ എന്നും വിശേഷിപ്പിച്ച വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ പരാമർശങ്ങൾക്കെതിരെ നിർമല സീതാരാമൻ ശക്തമായി പ്രതികരിച്ചു. വിദേശ ഭരണകൂടങ്ങളിൽ നിന്നുള്ള ഇത്തരം പ്രസ്താവനകൾ ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ അവർ, അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ഇന്ത്യക്കാരോടാണ് തനിക്ക് കൂടുതൽ ദേഷ്യമുള്ളതെന്നും പറഞ്ഞു.
“ഇന്ത്യയിൽ നിന്നുള്ള ആരും ഇത്തരം കാര്യങ്ങൾ ന്യായീകരിക്കാൻ ശ്രമിക്കരുത്. ഇന്ത്യക്കാർ ഈ വാക്കുകൾ ഉദ്ധരിച്ച് സംസാരിക്കുന്നതിനെ ഞാൻ എതിർക്കുന്നു. ആത്മനിർഭർ ഭാരതം എന്നത് ആത്മാഭിമാനത്തെക്കുറിച്ചാണ്. നമ്മളെല്ലാം ഒരേ സ്വരത്തിൽ ഇതിനെതിരെ പ്രതികരിക്കണം,” ധനമന്ത്രി പറഞ്ഞു.