കാലിക്കറ്റിനെ കീഴടക്കി കൊച്ചി; കെസിഎല്‍ ഫൈനലില്‍ കൊല്ലം സെയ്‌ലേഴ്‌സ്-ബ്ലൂ ടൈഗേഴ്‌സ് പോരാട്ടം
തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണിന്റെ ഫൈനലില്‍ ഏരീസ് കൊല്ലം സെയ്ലേഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്സും ഏറ്റുമുട്ടും.വെള്ളിയാഴ്ച നടന്ന രണ്ടാം സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 15 റണ്‍സിന് കീഴടക്കിയാണ് കൊച്ചി ഫൈനലിലെത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊച്ചി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
37 പന്തില്‍ നിന്ന് അഞ്ചു സിക്സും ആറ് ഫോറുമടക്ക് 72 റണ്‍സോടെ പുറത്താകാതെ നിന്ന അഖില്‍ സ്കറിയയുടെ പോരാട്ടം പാഴായി. ആറാം വിക്കറ്റില്‍ അഖിലിന് പിന്തുണ നല്‍കി ക്രീസിലുണ്ടായിരുന്ന കൃഷ്ണ ദേവന്റെ റണ്ണൗട്ടാണ് മത്സരം കൊച്ചിക്ക് അനുകൂലമാക്കിയത്. 13 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത കൃഷ്ണ ദേവൻ, മുഹമ്മദ് ആഷിഖിൻരെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാകുകയായിരുന്നു. 12 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ഓപ്പണർ അമീർ ഷായാണ് പിന്നീട് കാലിക്കറ്റ് ഇന്നിങ്സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരം.
ക്യാപ്റ്റൻ രോഹൻ കുന്നുമ്മല്‍ (9), അജിനാസ് (15), മുഹമ്മദ് അൻഫാല്‍ (9), സുരേഷ് സച്ചിൻ (1) എന്നിവരെല്ലാം നിരാശപ്പെടുത്തി. കൊച്ചിക്കായി ആഷിഖ് നാല് ഓവറില്‍ 26 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊച്ചിയെ നിഖില്‍ തോട്ടത്ത്, വിപുല്‍ ശക്തി, മുഹമ്മദ് ആഷിഖ്, അജീഷ് എന്നിവരുടെ ഇന്നിങ്സുകളാണ് കൊച്ചിയെ 186-ല്‍ എത്തിച്ചത്. 36 പന്തില്‍ നിന്ന് ഏഴു സിക്സും ഒരു ഫോറുമടക്കം 64 റണ്‍സെടുത്ത നിഖിലാണ് കൊച്ചിയുടെ ടോപ് സ്കോറർ. വിപുല്‍ 28 പന്തില്‍ നിന്ന് 37 റണ്‍സും മുഹമ്മദ് ആഷിഖ് വെറും 10 പന്തില്‍ നിന്ന് 31 റണ്‍സും നേടി. മൂന്ന് സിക്സും രണ്ട് ഫോറുമടങ്ങുന്നതായിരുന്നു ആഷിഖിന്റെ ഇന്നിങ്സ്. അജീഷ് 20 പന്തില്‍ നിന്ന് 24 റണ്‍സെടുത്തു.
കാലിക്കറ്റിനായി മനു കൃഷ്ണൻ, ഇബ്നുള്‍ അഫ്താബ്, ഹരികൃഷ്ണൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.